ലോറിയിടിച്ചു തകര്‍ന്ന വെയിറ്റിംഗ് ഷെഡ് നന്നാക്കാൻ നടപടിയില്ല; യാത്രക്കാർ പ്രതിസന്ധിയിൽ
1423527
Sunday, May 19, 2024 6:55 AM IST
കോതനല്ലൂര്‍: ലോറിയിടിച്ചു തകര്‍ത്ത ബസ് കാത്തിരിപ്പു കേന്ദ്രം നന്നാക്കാന്‍ നടപടികളില്ല. യാത്രക്കാര്‍ പ്രതിസന്ധിയില്‍. കോട്ടയം-എറണാകുളം റോഡിലെ നന്പ്യാകുളം ജംഗ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രമാണ് കഴിഞ്ഞദിവസം നിയന്ത്രണം വിട്ട ലോറി ഇടിച്ചു തകര്‍ത്തത്. ഇതിനുശേഷം നിര്‍ത്താതെപോയ ലോറി കോതനല്ലൂരില്‍ വൈദ്യുതി പോസ്റ്റുകളും ഇടിച്ച് തകര്‍ത്തിരുന്നു.
നമ്പ്യാകുളം ജംഗ്ഷനില്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകര്‍ന്നത്.
കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണുകള്‍ ഉള്‍പ്പെടെ പൂര്‍ണമായും തകര്‍ന്നു. ദിവസവും നിരവധിയാളുകളാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് കാത്തുനിന്നിരുന്നത്.
എറണാകുളം ഭാഗത്തേക്ക് പോകുമ്പോള്‍ ഇടതുവശത്തായി സ്ഥിതി ചെയ്തിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകര്‍ന്നത്.
ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഉള്‍പ്പെടെ നമ്പ്യാകുളത്തെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്നുണ്ട്. ശക്തമായ കാറ്റും മഴയുമുണ്ടായാല്‍ അപകടാവസ്ഥയിലായ ബസ് കാത്തിരിപ്പ് കേന്ദ്രം മറിഞ്ഞു വീഴുന്നതിനുള്ള സാധ്യതയുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.