ദേശീയപാതയിൽ അപകടഭീഷണി ഉയർത്തി പാതി ഒടിഞ്ഞ മരം
1423621
Sunday, May 19, 2024 11:04 PM IST
മുണ്ടക്കയം: ദേശീയപാതയിൽ അപകടഭീഷണി ഉയർത്തി പാതി ഒടിഞ്ഞ മരം. കൊട്ടാരക്കര - ദിണ്ഡിഗൽ ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങനയിൽ വിദേശ മദ്യഷോപ്പിന് സമീപമാണ് മരത്തിന്റെ ശിഖരം ഒടിഞ്ഞ് അപകടഭീഷണിയിൽ നിൽക്കുന്നത്. കഴിഞ്ഞ ദിവസം മേഖലയിലുണ്ടായ ശക്തമായ കാറ്റിലാണ് മരത്തിന്റെ ശിഖരം ഒടിഞ്ഞത്.
ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയുടെ വശത്തെ മരത്തിന് മുകളിലാണ് ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞ് നിൽക്കുന്നത്. ശക്തമായ കാറ്റും മഴയും ആരംഭിച്ചതോടെ ഈ ശിഖരം ഏതു നിമിഷവും റോഡിലേക്ക് പതിക്കാം. ഇത് വലിയ അപകടങ്ങൾക്കു വഴിവയ്ക്കും.
മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കും ഇടയിൽ നിരവധി സ്ഥലങ്ങളിലാണ് അപകടഭീഷണി ഉയർത്തി റോഡിന്റെ വശത്ത് മരങ്ങൾ നിൽക്കുന്നത്. മഴക്കാലത്തിനു മുമ്പ് അപകടകരമായി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റണമെന്ന് നിർദേശം ഉയരാറുണ്ടെങ്കിലും ഇതൊന്നും നടപ്പാകാറില്ല. അപകടഭീഷണിയിൽ നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ അടിയന്തരമായി വെട്ടിമാറ്റി സുരക്ഷ ഒരുക്കണമെന്ന് ആവശ്യമാണ് ഉയരുന്നത്.