പൊതുമരാമത്ത് വകുപ്പ് റോഡ് കൈയേറ്റം ഒഴിപ്പിക്കൽ: കരാർ ഏറ്റെടുക്കാൻ ആളില്ലെന്ന് വകുപ്പ്
1423623
Sunday, May 19, 2024 11:04 PM IST
കുറവിലങ്ങാട്: പൊതുമരാമത്ത് വകുപ്പ് റോഡിലെ കൈയേറ്റം ഒഴിപ്പിക്കലിനായി അഞ്ചുതവണ ടെൻഡർ വിളിച്ചിട്ടും ഏറ്റെടുക്കാൻ ആളില്ല. പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസിനു കീഴിലാണ് ഈ ദുർഗതി. കൈയേറ്റം ഒഴിപ്പിക്കുന്നതിനായി ഒരു ലക്ഷം രൂപ സർക്കാർ അനുവദിച്ചെങ്കിലും ടെൻഡർ എടുക്കാൻ ആളില്ലാത്തതിനാൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല.
പൊതുമരാമത്ത് വകുപ്പിലെ വിവിധ റോഡുകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നില്ല എന്ന ആക്ഷേപവുമായി ഒട്ടേറെപേർ രംഗത്തെത്തുന്നതിന് ഇടയിലാണ് ഉദ്യോഗസ്ഥർ നിസഹായാവസ്ഥ വെളിവാക്കുന്നത്. അരീക്കര സ്വദേശി ബെയ്ലോൺ ഏബ്രഹാം വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയുടെ മറുപടിയിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
റോഡുകളുടെ വശങ്ങളടക്കം കൈയേറിയിരിക്കുന്നവരുടെ സ്വാധീനവും ഒഴിപ്പിക്കാൻ എത്തുമ്പോൾ ഉയരാവുന്ന പ്രതിഷേധങ്ങളും ഭീഷണിയും ഭയന്നാവും കരാർ ഏറ്റെടുക്കാൻ ആരും എത്താത്തത് എന്നാണ് വിലയിരുത്തുന്നത്.
പൊതുമരാമത്ത് റോഡുകളിൽ പലയിടങ്ങളിലും വർഷങ്ങളായി കൃഷിയിറക്കി വിളവെടുപ്പ് നടത്തുന്ന കാഴ്ചകൾ പോലും സാധാരണമാണ്. വാഴ, കപ്പ, ചേമ്പ്, ചീനി തുടങ്ങിയവയാണ് പലയിടങ്ങളിലും സ്വന്തം ഭൂമി കണക്കേ കൃഷി ചെയ്യുന്നതും വിളവെടുക്കുന്നതും. ചിലയിടങ്ങളിൽ മാത്രം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പൂച്ചെടികൾ നട്ടുവളർത്താൻ പരിശ്രമം നടത്തിയെങ്കിലും കാര്യമായ നേട്ടമുണ്ടായിട്ടില്ല. പൊതുമരാമത്ത് വകുപ്പ് അദാലത്തുകളിലും നവകേരള സദസിലും ഇത്തരത്തിലുള്ള പരാതികൾ വ്യാപകമായി ഉയർന്നിരുന്നു.