ചെറുവള്ളി പാലത്തിന് വാനം മാന്തി; മഴയിൽ തിട്ടയിടിഞ്ഞു
1423810
Monday, May 20, 2024 6:57 AM IST
മണിമല: ചെറുവള്ളിയിൽ പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി തൂണുകൾക്ക് വാനംമാന്തിയ ഭാഗം കഴിഞ്ഞ രാത്രിയിൽ ഇടിഞ്ഞുതാണു. റോഡിലൂടെ രാത്രിയിൽ സഞ്ചരിക്കുന്ന കാൽനട യാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിൽപ്പെടുമെന്ന വിധത്തിലാണ് ഇവിടം ഇടിഞ്ഞിരിക്കുന്നത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ സൈഡിലുള്ള വൈദ്യുതിപോസ്റ്റ് ഉൾപ്പെടെ ടാറിംഗിന്റെ അരികുവരെ ആറ്റിലേക്ക് ഇടിഞ്ഞുവീണു.
പുതിയ പാലത്തിനുള്ള ഡിസൈൻ തയാറാക്കുന്നതിന്റെ ഭാഗമായിട്ടുള്ള മണ്ണ് പരിശോധനയ്ക്ക് മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നുനിന്നതിനാൽ തടസം നേരിട്ടതിനാലാണ് സാങ്കേതികാനുമതിയും മറ്റു നടപടികളും വൈകിയത്. നാട്ടുകാരുടെ കാത്തിരിപ്പിനൊടുവിൽ പുതിയ പാലത്തിന് അനുമതിയായി. ചെറുവള്ളിയുടെ ദുഃഖം ഉടൻ മാറുമെന്ന പ്രതീക്ഷിച്ചിരുന്നപ്പോഴാണ് മഴക്കാലം വന്നത്.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുമായി ബന്ധിപ്പിച്ച് പുതിയതായി നിർമിക്കുന്ന ചെറുവള്ളി പാലം നിർമാണം വെള്ളത്തിലാകുമോ എന്നാണ് ഇപ്പോൾ നാട്ടുകാരുടെ പേടി. ചെറുവള്ളി പാലം യാഥാർഥ്യമാകുന്നതോടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലെയും മണിമല-പഴയിടം റോഡിലെ സ്ഥലങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാതയാണ് ഇതോടെ സാധ്യമാകുന്നത്.
വളരെയധികം വർഷങ്ങൾക്കു മുമ്പ് നിർമിച്ച നടപ്പാലം വാഹനഗതാഗതത്തിന് ഉപയോഗിക്കാൻ സാധ്യമല്ലായിരുന്നു. രണ്ടു മീറ്ററിൽ താഴെ മാത്രം വീതിയുളള പാലത്തിലൂടെ പരമാവധി ഓട്ടോറിക്ഷ മാത്രമാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത്. പുതിയ പാലം വരുന്നതോടെ വലിയ വാഹനങ്ങൾക്കടക്കം കടന്നുപോകാൻ സാധിക്കും.