മഴക്കാലപൂർവ ശുചീകരണം: വാഴൂർ ബ്ലോക്കുതല അവലോകനം നടത്തി
1423821
Monday, May 20, 2024 10:45 PM IST
വാഴൂർ: മഴക്കാലപൂർവ ശുചീകരണം സംബന്ധിച്ച് വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അവലോകനം നടത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള പഞ്ചായത്ത് പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ, ഐസിഡിഎസ് സൂപ്പർവൈസർമാർ, എസ്സി പ്രമോട്ടർമാർ എന്നിവർ പങ്കെടുത്തു.
കൊതുക്, ഈച്ച, എലി തുടങ്ങിയ രോഗവ്യാപന സ്വഭാവമുള്ളവയുടെ പ്രജനന സ്രോതസുകൾ ഇല്ലാതാക്കാനും നീർച്ചാലുകൾ, തോടുകൾ എന്നിവിടങ്ങളിലെ നീരൊഴുക്കിന്റെ തടസങ്ങൾ നീക്കുന്നതിനും മുൻഗണന നൽകണമെന്നും യോഗം അഭിപ്രായപ്പെട്ടു. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വിപുലമായ കാമ്പയിൻ നടത്തണമെന്നും രാഷ്ട്രീയ കക്ഷികൾ, കുടുംബശ്രീ പ്രവർത്തകർ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വാർഡുതലത്തിൽ കൃത്യമായ കർമപദ്ധതി നടപ്പിലാക്കണമെന്നും യോഗം നിർദേശിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ മോനിട്ടറിംഗ് ചെയ്യും.
വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി.എം. ജോൺ, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, സെക്രട്ടറി പി.എൻ. സുജിത്, വെള്ളാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ മോഹൻ, വാഴൂർ പഞ്ചായത്തംഗം ശ്രീകാന്ത് പി. തങ്കച്ചൻ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.