ജൽജീവന്‍ മിഷന് പൊളിച്ചിട്ട റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധം കനക്കുന്നു
1424863
Saturday, May 25, 2024 7:16 AM IST
ചങ്ങനാശേരി: ജൽജീവന്‍ മിഷന് പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴികള്‍ മൂടി ടാറിംഗോ, കോണ്‍ക്രീറ്റോ ചെയ്ത് പൂര്‍വസ്ഥിതിയില്‍ എത്തിക്കാത്തതുമൂലം കാല്‍നടയാത്രയും വാഹനസഞ്ചാരവും ദുരിതത്തിലായതിനെതിരേ പ്രതിഷേധം കനക്കുന്നു. കുത്തിപ്പൊളിച്ച റോഡുകളെല്ലാം മഴശക്തമായതോടെ ചെളിക്കുളമായ അവസ്ഥയിലാണ്. റോഡുകള്‍ തകർന്നു കിടക്കുന്നതുമൂലം ചില വീടുകളിലേക്ക് വാഹനങ്ങള്‍ കയറ്റാനും ഇറക്കാനും പോലും പറ്റാത്ത അവസ്ഥയാണ്.
ഈ റോഡുകള്‍ നന്നാക്കി ആളുകളുടെ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിലുള്ള യോഗം നാളെ നാലിന് ആര്ക്കാലിയ ഓഡിറ്റോറിയത്തില്‍ ചേരും. സമരസമിതി കണ്‍വീനര്‍ വി.ജെ. ലാലി ഉദ്ഘാടനം ചെയ്യും. ജൽ ജീവന്റെ പേരില്‍ റോഡുകള്‍ കുത്തിപ്പൊളിച്ചതുമൂലം ദുരിതം അനുഭവിക്കുന്നവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9447271352.
ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ അഞ്ച ു പഞ്ചായത്തുകളിലായി 219 റോഡുകളാണ് ജൽ ജീവന് മിഷനുമായി ബന്ധപ്പെട്ട് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്. ഇത് കോണ്‍ക്രീറ്റ് ചെയ്യേണ്ടത് വാട്ടര്‍ അഥോറിറ്റിയാണ്. കുത്തിപ്പൊളിച്ച റോഡുകള്‍ ഉടന്‍ കോണ്‍ക്രീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ക്ക് സമ്മേളനം രൂപം കൊടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാട്ടര്‍ അഥോറിറ്റി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഇന്ന്
ചങ്ങനാശേരി: വിവിധ പദ്ധതികള്‍ക്കായി ജലസേചന വകുപ്പ് പൊളിച്ചിട്ടിരിക്കുന്ന നൂറുകണക്കിന് റോഡുകള്‍ അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടും ജലസേചന വകുപ്പിന്റെ അനാസ്ഥക്കെതിരേയും യൂത്ത് കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11ന് ചങ്ങനാശേരി വാട്ടര്‍ അഥോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നു യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ഡെന്നീസ് ജോസഫ് അറിയിച്ചു.
ജല്‍ ജീവന് പദ്ധതിയുടെ നിലവിലെ അവസ്ഥയും ജലസ്രോതസും ജനങ്ങളെ ബോധ്യപ്പെടുത്തുക, നിയോജകമണ്ഡലത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുക, റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന കൂറ്റന്‍ പൈപ്പുകള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് മാറ്റി സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.