വിദ്യാഭ്യാസമേഖലയ്ക്ക് ന്യൂനപക്ഷങ്ങള്‍ നല്കിയ സംഭാവന മഹത്തരം: മിനി ആന്റണി
1424899
Sunday, May 26, 2024 2:34 AM IST
കോട്ടയം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ബഹുജന മുന്നേറ്റ പ്രസ്ഥാനമാക്കി മാറ്റിയതില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ നല്കിയ സംഭാവന വളരെ വലുതാണെന്ന് പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ ) വകുപ്പ് സെക്രട്ടറി മിനി ആന്റണി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സംഘടിപ്പിച്ച കോട്ടയം ജില്ലാ സെമിനാര്‍ മാമ്മന്‍ മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മിനി ആന്റണി. സാമ്പത്തിക, സാമൂഹിക മേഖലകളില്‍ സംസ്ഥാനത്തെ വേറിട്ട നിലവാരത്തിലെത്തിക്കാന്‍ ന്യൂനപക്ഷ സമൂഹം വലിയ തരത്തില്‍ സഹായിച്ചിട്ടുണ്ടെന്നും മിനി ആന്റണി പറഞ്ഞു.
കമ്മീഷന് ചെയര്മാന് എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. 2024 ഡിസംബറോടെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു ലക്ഷത്തോളം പേര്‍ക്കു സംസ്ഥാന നോളജ് എക്കണോമി മിഷന് വഴി തൊഴില്‍ നല്‍കാനാണ് ന്യൂനപക്ഷ കമ്മീഷന് ശ്രമിക്കുന്നതെന്ന് ചെയര്മാന് റഷീദ് പറഞ്ഞു.
ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി മുഖ്യപ്രഭാഷണം നടത്തി. ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍ ആശംസാ പ്രസംഗം നടത്തി. ദുര്‍ബല വിഭാഗത്തോടു പൊതുസമൂഹം കാണിക്കുന്ന കരുതലും തുല്യതയുമാണ് പരിഷ്കൃത സമൂഹത്തിന്റെ സൂചികയെന്ന് റവ. ഡോ. ജോര്‍ജ് കുടിലില്‍ പറഞ്ഞു.
സംഘാടക സമിതി ചെയര്മാന് ടോം ജോസഫ് അറയ്ക്കപ്പറമ്പില്‍, കണ്‍വീനര്‍ റഫീക് അഹമ്മദ് സഖാഫി, എഡിഎം ബീന പി. ആനന്ദ്, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, എംഎസ്എസ് സംസ്ഥാന സെക്രട്ടറി എന്‍. ഹബീബ്, ന്യൂനപക്ഷ കമ്മീഷനംഗം പി. റോസ, പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ കോട്ടയം ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ടി.വി. തോമസ്, ന്യൂനപക്ഷ കമ്മീഷന് രജിസ്ട്രാര്‍ എസ്. ഗീത തുടങ്ങിയവര്‍ പ്രസംഗിച്ചു.
ന്യൂനപക്ഷ സമൂഹവും വിജ്ഞാന തൊഴിലും എന്ന വിഷയത്തില്‍ കേരള നോളജ് ഇക്കോണമി മിഷന് റീജണല്‍ പ്രോഗ്രാം മാനേജര്‍ നീതു സത്യന്, ന്യൂനപക്ഷങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ എന്ന വിഷയത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അംഗം പി. റോസ, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ആക്ട് എന്ത് എന്തിന് എന്ന വിഷയത്തില്‍ ന്യൂനപക്ഷ കമ്മrഷന് അംഗം എ. സെയ്ഫുദീന്‍ ഹാജി എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി. തുടര്‍ന്ന് വിഷയാവതരണത്തെ അടിസ്ഥാനമാക്കിയുള്ള പൊതുചര്‍ച്ചയും നടന്നു.
ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിവരുന്ന ധനസഹായ പദ്ധതികള്‍, കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ചുവരുന്ന പ്രത്യേക നൈപുണ്യ പരിശീലനം എന്നിവ സംബന്ധിച്ചു ന്യൂനപക്ഷ വിഭാഗങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് എല്ലാ ജില്ലകളിലും സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.