പക്ഷിപ്പനി: 9691 വളര്‍ത്തുപക്ഷികളെ ദയാവധം നടത്തി സംസ്കരിച്ചു
1425017
Sunday, May 26, 2024 5:48 AM IST
കോട്ടയം: പക്ഷിപ്പനിയെത്തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പിന്റെ മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെയും പക്ഷിപ്പനി ബാധിതമേഖലയിലെയും 9691 വളര്‍ത്തുപക്ഷികളെ ദയാവധം നടത്തി ശാസ്ത്രീയമായി സംസ്കരിച്ചു.
പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ 9175 കോഴികളെയാണ് ദയാവധം നട ത്തി സംസ്കരിച്ചത്. പക്ഷിപ്പനി ബാധിത മേഖലയായ മണര്‍കാട് പഞ്ചായത്തിലെ 12, 13, 14 വാര്‍ഡിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡിലെയും 516 കോഴിയടക്കമുള്ള വളര്‍ത്തുപക്ഷികളെയും ദയാവധം നടത്തി സംസ്കരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.എം. വിജിമോളുടെ നേതൃത്വത്തില്‍ രണ്ടു ദ്രുതകര്‍മസംഘങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള നടപടികള്‍ നിര്‍വഹിച്ചത്.
ഒരു വെറ്ററിനറി സര്ജന്, രണ്ട് ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍, നാലു തൊഴിലാളികള്‍ എന്നിവരാണ് ഒരു സംഘത്തിലുണ്ടായിരുന്നത്.
പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള 1578 കോഴികളെയും രണ്ടുമാസത്തിനു മുകളില്‍ പ്രായമുള്ള 7597 കോഴികളെയുമാണ് ദയാവധത്തിന് വിധേയമാക്കിയത്. ഇവിടെ സൂക്ഷിച്ചിട്ടുള്ള 9670 മുട്ട, 10255.25 കിലോ കോഴിത്തീറ്റ, 57 ടണ്‍ വളം എന്നിവയും ശാസ്ത്രീയമായി മറവുചെയ്തു. പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ അണുനശീകരണപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ഡോ. കെ.എം. വിജിമോള്‍ പറഞ്ഞു.
വില്‍പ്പനയും കടത്തലും നിരോധിച്ചു
മണര്‍കാട്, പുതുപ്പള്ളി പഞ്ചായത്തുകളിലെ 12,13,14 വാര്‍ഡിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡിലെയും കോഴി, താറാവ്, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ഠം(വളം) തുടങ്ങിയ ഉത്പന്നങ്ങളുടെയും വില്പനയും കടത്തലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.
നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള മണര്‍കാട്, പുതുപ്പള്ളി പഞ്ചായത്തുകളിലെ മറ്റു വാര്‍ഡുകളിലും കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭകളിലും വിജയപുരം, തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര, അതിരമ്പുഴ, അയര്‍ക്കുന്നം, കിടങ്ങൂര്‍, അകലക്കുന്നം, പള്ളിക്കത്തോട്, പാമ്പാടി, മീനടം, കറുകച്ചാല്‍, വാകത്താനം,
പനച്ചിക്കാട്, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിലും 29 വരെ കോഴി, താറാവ്, കാട, മറ്റുവളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ഠം(വളം) തുടങ്ങിയ ഉത്പന്നങ്ങളുടെയും വില്പനയും കടത്തലും നിരോധിച്ചിട്ടുണ്ട്.