മഴ: ചങ്ങനാശേരി നഗരസഭയില്‍ ദുരന്തനിവാരണ സമിതി സജ്ജം
1425025
Sunday, May 26, 2024 6:01 AM IST
ചങ്ങനാശേരി: മഴ തുടരുന്ന സാഹചര്യം മുന്‍നിര്‍ത്തി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നഗരസഭാ പരിധിയില്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിന് റാപ്പിഡ് റെസ്പോണ്‍സ് ഫോഴ്സ് യോഗം ചേര്‍ന്നു. നഗരസഭയുടെ കീഴിലുള്ള ആര്‍ആര്‍ ടീം അംഗങ്ങളാണ് സമിതിയിലുള്ളത്.
അപകട സാധ്യതകള്‍ സൃഷ്ടിക്കുന്ന മരങ്ങള്‍ ദുര്‍ബലമായ പരസ്യ ബോര്‍ഡുകള്‍ എന്നിവ നീക്കുന്നതിനും വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷാക്രമീകരണം നടപ്പിലാക്കുന്നതിനും അടിയന്തരഘട്ടത്തില്‍ പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കുന്നതിനും സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ സേവനം വിനിയോഗിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ജോബി പറഞ്ഞു.
പോലീസ് ഫയര്‍ഫോഴ്സ് റവന്യു കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് ആരോഗ്യം എന്നീ വകുപ്പുകളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിന് ദുരന്തനിവാരണസമിതിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച നഗരസഭ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് പറഞ്ഞു.
നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.എം. നജിയ എല്‍സമ്മ ജോബ്, മധുരാജ്, മുനിസിപ്പല്‍ സെക്രട്ടറി എല്‍.എസ്. സജി, താലൂക്ക് ഓഫീസ് സൂപ്രണ്ട് ജയമോള്‍ കെ. രാജപ്പന് ഗവ. ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോക്ടര്‍ ബി.കെ. പ്രസീത, പോലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രസാദ് ആര്. നായര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് ഓഫീസര്‍ അനൂപ് പി. രവീന്ദ്രന് വില്ലേജ് ഓഫീസര്‍മാരായ ജൂലി ജി. സുഷമാകുമാരി,
വി.ആര്. ബിജി, നഗരസഭ ക്ലീന്‍ സിറ്റിമാനേജര്‍ എന്‍.എസ്. ഷൈന്‍ നഗരസഭ റവന്യൂ ഓഫീസര്‍ മനോജ്കുമാര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സമ്രരേഷ് ലാല്‍, സി. സുനില്‍, ബിജേഷ് ഇമ്മാനുവല്‍, ജറാള്‍ഡ് മൈക്കല്‍, സുധാകമല്‍, എ.ജി. സജിത, എച്ച്. ജബിത എന്നിവര്‍ പ്രസംഗിച്ചു.