ഓര്‍മയില്‍ കാലവര്‍ഷ നൊമ്പരമായി പാലാ ദുരന്തം
1425189
Sunday, May 26, 2024 11:39 PM IST
കോട്ടയം: പാലാ കാറപകടം കണ്ണീരോര്‍മ്മയ്ക്ക് ഇരുപത് വര്‍ഷം. ഓര്‍മയില്‍ ഇന്നും ഒരു വിതുമ്പലാണ് പാലായ്ക്കുസമീപം കാര്‍ റോഡിനോടു ചേര്‍ന്ന് വെള്ളം നിറഞ്ഞ പാടത്തേക്ക് പതിച്ചുണ്ടായ ദുരന്തം. 2004 ജൂണ്‍ ആറിനു ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനു പാലാ അരുണാപുരത്ത് അംബാസിഡര്‍ കാര്‍ പാടത്തെ വെള്ളക്കെട്ടില്‍ മുങ്ങിയായിരുന്നു അപകടം.
തൊടുപുഴ നെയ്യശേരി പാലപ്പറമ്പില്‍ മാത്യു, മകള്‍ ജോര്‍ജിയ, മരുമകന് കുഞ്ഞുമോന്, മകന് ജോര്‍ജുകുട്ടി, മാത്യുവിന്റെ ഭാര്യാസഹോദരപുത്രന് തുരുത്തിപ്പള്ളി സ്റ്റാന്‍ലി, ഭാര്യ റെനി, മക്കളായ അനീറ്റ, ജോസ്ടന് എന്നിവരാണു മരിച്ചത്. തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ബന്ധുക്കളെ സന്ദര്‍ശിച്ചു മടങ്ങുമ്പോഴായിരുന്നു ദുരന്തം.
കനത്ത മഴയും മൂടല്‍മഞ്ഞും പുതച്ച രാത്രിയില്‍ പാടവും റോഡും തിരിച്ചറിയാനാവാത്ത വിധം വെള്ളം ഉയര്‍ന്നത് ശ്രദ്ധയില്‍ പെട്ടുകാണില്ല. ഹൈവേ നിര്‍മാണത്തിനു മുന്‍പ് റോഡുകള്‍ക്ക് ഉയരം കുറവായിരുന്നു. കുഞ്ഞുമോന്റെ കാറിലായിരുന്നു യാത്ര.
കാര്‍ റോഡില്‍നിന്നു പുല്ലിലും ചെളിയിലുമായി 30 മീറ്ററോളം നിരങ്ങി പാടത്തേക്ക് പതിച്ചുവെന്നാണ് അക്കാലത്തെ റിപ്പോര്‍ട്ടുകള്‍.