നെ​ല്ലി​ന്‍റെ താ​ങ്ങുവി​ല വ​ര്‍ധി​പ്പിച്ച​തു ല​ഭി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ ക​ര്‍ഷ​ക​ര്‍
Sunday, June 23, 2024 6:43 AM IST
ക​ടു​ത്തു​രു​ത്തി: കേ​ന്ദ്രം നെ​ല്ലി​ന്‍റെ താ​ങ്ങ് വി​ല വ​ര്‍ധി​പ്പി​ച്ചെ​ങ്കി​ലും ത​ങ്ങ​ള്‍ക്കി​തു ല​ഭി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍ഷ​ക​ര്‍. മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ലെ​ല്ലാം കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ താ​ങ്ങു​വി​ല വ​ര്‍ധി​പ്പി​ക്കു​മ്പോ​ള്‍ ആ​നു​പാ​തി​ക​മാ​യി സം​സ്ഥാ​ന​സ​ര്‍ക്കാ​ര്‍ താ​ങ്ങു​വി​ല കു​റ​യ്ക്കു​ക​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

2020-21 ല്‍ ​ഒ​രു കി​ലോ നെ​ല്ലി​ന് 27.48 രൂ​പ​യാ​യി​രു​ന്നു വി​ല. 21-22ല്‍ ​കേ​ന്ദ്രം 72 പൈ​സ​യും കേ​ര​ളം 52 പൈ​സ​യും വ​ര്‍ധി​പ്പി​ച്ച​പ്പോ​ള്‍ 28.72 ല​ഭി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ ക​ര്‍ഷ​ക​ര്‍ക്ക് ല​ഭി​ച്ച​ത് 28 രൂ​പ മാ​ത്ര​മാ​ണ്. 22-23 ല്‍ ​കേ​ന്ദ്രം ഒ​രു രൂ​പ​യും സം​സ്ഥാ​നം 20 പൈ​സ​യും വ​ര്‍ധി​പ്പി​ച്ച​പ്പോ​ള്‍ ല​ഭി​ക്കേ​ണ്ട​ത് 29.92 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ലും ല​ഭി​ച്ച​ത് 28.20 മാ​ത്രം.

ഇ​തോ​ടൊ​പ്പം കൈ​കാ​ര്യ​ച്ചെ​ല​വെ​ന്ന് പ​റ​ഞ്ഞ് 12 പൈ​സാ കൂ​ടി ല​ഭി​ച്ചു. 23-24ല്‍ ​കേ​ന്ദ്രം 1.43 പൈ​സാ വ​ര്‍ധി​പ്പി​ച്ച​പ്പോ​ള്‍ ല​ഭി​ക്കേ​ണ്ട​ത് 31.35 രൂ​പ​യും 12 പൈ​സാ​യും കൂ​ട്ടി 31.47 രൂ​പ​യാ​ണ്. എ​ന്നാ​ല്‍ ല​ഭി​ച്ച​ത് 28.32 രൂ​പ മാ​ത്രം.

ഇ​പ്പോ​ള്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച 1.17 രൂ​പ​യും കൂ​ട്ടി ക​ര്‍ഷ​ക​ര്‍ക്ക് അ​ടു​ത്ത​സീ​സ​ണ്‍ മു​ത​ല്‍ ല​ഭി​ക്കേ​ണ്ട​ത് 32.64 രൂ​പ​യാ​ണ്. എ​ന്നാ​ല്‍, ഇ​തു സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ല്‍കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍ഷ​ക​ര്‍. ഈ ​താ​ങ്ങു​വി​ല ല​ഭി​ച്ചാ​ലും നെ​ല്‍കൃ​ഷി ലാ​ഭ​ക​ര​മാ​കി​ല്ലെ​ന്നാ​ണ് ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്ന​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു കേ​ര​ള​ത്തി​ല്‍ നെ​ല്‍കൃ​ഷി​ക്കു ചെ​ല​വ് കൂ​ടു​ത​ലാ​ണ്.

രാ​സ​വ​ള​ങ്ങ​ളു​ടെ​യും കീ​ട​നാ​ശി​നി​ക​ളു​ടെ​യും അ​മി​ത​വി​ല​യും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ര്‍ധ​ന​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മെ​ല്ലാം വി​ള​വ് കു​റ​യു​ന്ന​ത​നും നെ​ല്‍കൃ​ഷി ലാ​ഭ​ക​ര​മ​ല്ലാ​താ​കു​ന്ന​തി​നും കാ​ര​ണ​മാ​യി.