മരം കടപുഴകി വീണു; ഏറ്റുമാനൂർ-പാലാ റോഡിൽ ഗതാഗതം തടസപ്പെട്ടു
1436409
Monday, July 15, 2024 10:26 PM IST
ഏറ്റുമാനൂർ: മരം കടപുഴകി വീണതിനെത്തുടർന്ന് ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിൽ ദീർഘനേരം ഗതാഗതം തടസപ്പെട്ടു. സംസ്ഥാന പാതയിൽ കൂടല്ലൂർ കവലയ്ക്ക് സമീപമാണ് ഇന്നലെ വൈകുന്നേരം മരം കടപുഴകി വീണത്.
മരം വൈദ്യുതി ലൈനിന്റെ മുകളിൽ വീണതിനെത്തുടർന്ന് വൈദ്യുതി പോസ്റ്റുകൾ ചരിഞ്ഞു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കിയെങ്കിലും റോഡിലേക്ക് വീണ പോസ്റ്റുകൾ പൂർവസ്ഥിതിയിലാക്കാൻ ഏറെ സമയം വേണ്ടിവന്നു. റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ദീർഘദൂര ബസുകൾ അടക്കം ഏറെനേരം കുരുക്കിൽപ്പെട്ടു.
രാമപുരത്ത് കോടികളുടെ നഷ്ടം
രാമപുരം: ഞായറാഴ്ച വൈകുന്നേരം മിനുറ്റുകള്‍ മാത്രം നീണ്ടുനിന്ന ചുഴലിക്കാറ്റ് ഐങ്കൊമ്പ് രാമപുരം മേഖലയില്‍ വിതച്ചത് വന്‍ നാശനഷ്ടം. കാറ്റില്‍ മരം കടപുഴകി വീണ് 50ഓളം വീടുകള്‍ തകര്‍ന്നു. കൃഷി-റവന്യു വകുപ്പുകളുടെ നേതൃത്വത്തില്‍ നാശനഷ്ടങ്ങള്‍ അധികൃതര്‍ തിട്ടപ്പെടുത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ശക്തമായ കാറ്റില്‍ രാമപുരം, ഐങ്കൊമ്പ്, മരങ്ങാട്ടുപിള്ളി എന്നിവടങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായത്. പ്ലാവ്, റബര്‍, ജാതി അടക്കം വന്മരങ്ങളാണ് കാറ്റില്‍ നിലംപൊത്തിയത്. നിരവധി വീടുകളിലെ ഓടുകള്‍ കാറ്റില്‍ പറന്നുപോയി. പ്രധാന റോഡുകളിലടക്കം മരംവീണ് ഗതാഗതവും തടസപ്പെട്ടിരുന്നു. വീട് തകര്‍ന്നവര്‍ക്ക് അടിയന്തരസഹായമെത്തിക്കാനാണ് ശ്രമിക്കുമെന്നു ജനപ്രതിനിധികള്‍ പറഞ്ഞു.
നാശനഷ്ടമുണ്ടായ മേഖലകളില്‍ പാലാ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ റവന്യുസംഘം പരിശോധന നടത്തി. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കാര്‍ഷികമേഖലയിലെ നഷ്ടം തിട്ടപ്പെടുത്തി വരികയാണ്. രാമപുരം, കടനാട് വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നാശനഷ്ടമുണ്ടായ വീടുകളുടെ കണക്കെടുപ്പ് തുടരുകയാണെന്ന് ആര്‍ഡിഒ വ്യക്തമാക്കി.