കൂരോപ്പടയില്‍ ഉമ്മന്‍ ചാണ്ടി സ്പോര്‍ട്സ് അരീന-ഗോള്‍ ഫുട്ബോള്‍ ടര്‍ഫ് 18നു രാത്രി എട്ടിന് എംഎല്‍എമാരുടെ പ്രദര്‍ശന ഫുട്ബോള്‍ മത്സരം
1436455
Monday, July 15, 2024 11:30 PM IST
കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍നിന്നു രാജ്യാന്തര നിലവാരമുള്ള കായിക പ്രതിഭകളെ കണ്ടെത്തുന്നതിന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനു കീഴില്‍ ഉമ്മന്‍ ചാണ്ടി ആശ്രയ കമ്മിറ്റി നേതൃത്വത്തില്‍ കൂരോപ്പടയിലെ ഫുട്ബോള്‍ ടര്‍ഫ് നിര്‍മാണം പൂര്‍ത്തിയായി.
ളാക്കാട്ടൂര്‍ ജംഗ്ഷനില്‍ കോണ്‍ഗ്രസ് നേതാവ് ചാമക്കാലയില്‍ കെ.എന്‍. ഹരിഹരന് നായര്‍ സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്താണ് ടര്‍ഫ് നിര്‍മിച്ചിരിക്കുന്നത്. 18നു രാത്രി എട്ടിനു ടര്‍ഫില്‍ എംഎല്‍എമാര്‍ ചേര്‍ന്ന് കളിക്കുന്ന പ്രദര്‍ശന ഫുട്ബോള്‍ മത്സരം അരങ്ങേറും.
ആധുനിക നിലവാരത്തില്‍ ആദ്യഘട്ടത്തില്‍ 10,000 ചതുരശ്ര അടിയില്‍ ഫുട്ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റൺ എന്നിവ കളിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.
ടര്ഫിന് പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ ലഭിച്ച ആയിരത്തിലധികം പേരുകളില്നിന്നാണ് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് നിര്‍മിക്കുന്ന ടര്ഫിന് ഉമ്മന്‍ചാണ്ടി സ്പോര്‍ട്സ് അരീന - ഗോള്‍ ഫുട്ബോള്‍ ടര്‍ഫ് എന്ന പേര് തെരഞ്ഞെടുത്തത്.
ടര്‍ഫിലേക്കുള്ള റോഡ് നവീകരിക്കുന്നതിനായി എംഎല്‍എ ഫണ്ടില്‍നിന്നും ചാണ്ടി ഉമ്മന്‍ 20 ലക്ഷം രൂപ അനുവദിച്ചു ടെന്‍ഡര്‍ പൂര്‍ത്തിയായിട്ടുണ്ട്.