ചങ്ങനാശേരി സ്പോര്‍ട്സ് ക്ലബ് ആരംഭിക്കുന്നു
1436459
Monday, July 15, 2024 11:30 PM IST
ചങ്ങനാശേരി: റേഡിയോ മീഡിയാ വില്ലേജിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി സ്പോര്‍ട്സ് ക്ലബ് എന്ന പേരില്‍ പുതിയ വേദി ഒരുങ്ങുന്നു. ചങ്ങനാശേരിയിലെ പൊതുബോധത്തില്‍ സാഹോദര്യവും മാനവികതയും നിലനിര്‍ത്തുന്നതിനും വരുംതലമുറയിലേക്ക് കൈമാറുന്നതിനും സാമൂഹ്യ പ്രതിബദ്ധതയോടെ ഒന്നിച്ചിരിക്കുന്നതിനും ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഉപകരിക്കും വിധമാണ് പുതിയ ക്ലബ് രൂപീകരണം.
ഇന്നലെ മീഡിയാ വില്ലേജില്‍ കൂടിയ യോഗത്തില്‍ ടോമി സി. വാടയില്, അഡ്വ. പി. എസ്. ശ്രീധരന്, കെ.എച്ച്.എം. യൂസഫ് ക്യാപ്പിറ്റല്‍ സ്റ്റീല്‍, അഡ്വ. ജോര്‍ജ് കുട്ടി വാരണത്ത്, ടോണി സി. കല്ലുകളം എന്നിവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു. സിബിച്ചന് തരകന്‍പറമ്പില്‍, ടോമി തോമസ് അര്‍ക്കാഡിയ, റ്റിന്സു മാത്യു എല്‍സോള്‍, ഡോ. ജോസഫ് തോമസ് മെഡ്ലോഞ്ചസ്, ഗിരീഷ് കോനാട്, ഷാജി മാത്യു പാലാത്ര, ബിഫി വര്‍ഗീസ് പുല്ലുകാട്ട്, എന്‍. സുരേഷ് കോണ്ടൂര്, എച്ച്. മുസമ്മില്‍ ഷാ എന്റര്‍പ്രൈസസ്, സി.എം. മാത്യു സിവി ടെക് കണ്‍സ്ട്രക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.
നെഹ്റുട്രോഫി ജലമേളയില്‍ മത്സരിക്കാനിറങ്ങുന്ന ചങ്ങനാശേരി ബോട്ട് ക്ലബിന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് എന്ന നിലയില്‍ നേതൃത്വം നല്‍കാനും സാമ്പത്തിക സഹായം സ്വരൂപിക്കാനും യോഗം തീരുമാനിച്ചു. മീഡിയാ വില്ലേജ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ച യോഗം പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ഉദ്ഘാടനം ചെയ്തു. ജലമേളയോടനുബന്ധിച്ച് പുറത്തിറക്കിയ പ്രൊമോ വീഡിയോ സണ്ണി തോമസ് ഇടിമണ്ണിക്കല്‍ പ്രകാശനം ചെയ്തു.
ആയാപറമ്പ് വലിയ ദിവാന്‍ജിയാണ് റേഡിയോ മീഡിയാ വില്ലേജിന്റെ നേതൃത്വത്തില്‍ സിബിസിക്കു വേണ്ടി നീറ്റിലിറങ്ങുന്നത്. വള്ളംകളി പ്രേമികളുടെയും തുഴച്ചില്‍കാരുടെയും യോഗം 28ന് ഉച്ചകഴിഞ്ഞ് വൈകുന്നേരം നാലുമുതല്‍ മീഡിയാ വില്ലേജില്‍ ചേരും.