എന്നെ എക്കാലവും വിസ്മയിപ്പിച്ച നേതാവ്
1436813
Wednesday, July 17, 2024 10:49 PM IST
രാഹുല്‍ ഗാന്ധി
എന്നെ എക്കാലവും വിസ്മയിപ്പിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടിജി. അതിവേഗം മുന്നേറുന്ന ഉത്സാഹിയും കഠിനാധ്വാനിയുമായ നേതാവ്. കോണ്‍ഗ്രസിനൊപ്പം ജനങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു ആ ജീവിതം. തിരക്കിനിടയില്‍ അദ്ദേഹം വേദനയും വിശപ്പും മറന്നുപോയ അനുഭവങ്ങള്‍ പലതും എന്റെ ഓര്‍മയിലേക്കു വരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറിയായിരിക്കെ ഉമ്മന്‍ ചാണ്ടിജിക്കായിരുന്നു ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ ചുമതല. ഒരിക്കല്‍ ഒരു തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ രാവിലെമുതല്‍ വൈകുന്നേരംവരെ ആറേഴു സമ്മേളനങ്ങള്‍. അദ്ദേഹത്തിന്റെ മുണ്ടിലൂടെ രക്തം കുതിര്ന്നൊഴുകുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്തു പറ്റിയെന്ന് ആശങ്കയോടെ ചോദിച്ചപ്പോഴാണ് രക്തം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
തലേ ആഴ്ച പ്രചാരണത്തിനിടെ കാലില്‍ ഒരു കമ്പു കൊണ്ടതായും മുറിവിലൂടെ വീണ്ടും രക്തം വന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഷാളെടുത്ത് ഞാന്‍ ചാണ്ടിജിയുടെ മുറിവ് വലിച്ചുകെട്ടി. ആശുപത്രിയിലേക്കു പോകാമെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, മുറിവല്ല പാര്‍ട്ടിയുടെ വിജയമാണ് വലുതെന്ന്. യോഗത്തിന് കാത്തുനില്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശരാക്കാന്‍ ആ മനസ് അനുവദിച്ചില്ല. എന്റെ വാട്ടര്‍ ബോട്ടിലില്‍നിന്ന് കുറെ വെള്ളം അദ്ദേഹം കുടിച്ചു, മുറിവിലേക്കും അല്പം ഒഴിച്ചു.
ഒന്നോ രണ്ടോ നേരം അല്പം മാത്രം ഭക്ഷണം നിന്നുകൊണ്ടു കഴിക്കുന്ന ഉമ്മന്‍ ചാണ്ടിയെ ഓര്‍ക്കുന്നു. ചാണ്ടിജീ, ഇരുന്നു കഴിച്ചുകൂടെ എന്നു ചോദിക്കുമ്പോള്‍ അദ്ദേഹം ഒന്നു പുഞ്ചിരിക്കും. എപ്പോഴും ജനങ്ങള്‍ക്കൊപ്പമായിരിക്കാന്‍ ആഗ്രഹിച്ച അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു ചാണ്ടിജി. തോല്‍വികളില്‍ പതറരുതെന്നും ജനങ്ങളുടെ വിശ്വാസ്യതയാണ് വലുതെന്നും ഞാന്‍ പഠിച്ചത് ഉമ്മന്‍ ചാണ്ടിയില്നിന്നാണ്. എന്റെ പിതാവ് രാജീവ് ഗാന്ധിയുടെ കാലംമുതല്‍ എനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ട്. അപ്രതീക്ഷിതമായ ആ വിയോഗംവരെ ബന്ധം തുടരുകയും ചെയ്തു. പാര്‍ട്ടി നേരിട്ട പല പ്രതിസന്ധികളിലും ഞാന്‍ ചാണ്ടിജിയോട് വ്യക്തിപരമായ ഉപദേശങ്ങള്‍ തേടിയിട്ടുണ്ട്. അദ്ദേഹം നല്കിയതെല്ലാം പക്വതയും പ്രായോഗികതയുമുള്ള പരിഹാരങ്ങളായിരുന്നു.
കേരള വികസനത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് ഏറെ വലുതാണെന്ന് കാലം തെളിയിക്കും. കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും വല്ലാര്പ്പാടവുമൊക്കെയായി എത്രയോ പദ്ധതികള്‍ അദ്ദേഹം യാഥാര്‍ഥ്യമാക്കി. എളിമയും ലാളിത്യവുമാണ് ചാണ്ടിജിയില് കണ്ട വിസ്മയം. കഠിനാധ്വാനമായിരുന്നു രാഷ്ട്രീയ മൂലധനം. സത്യസന്ധതയും ആത്മാര്‍ഥതയും അദ്ദേഹത്തിന്റെ ഓരോ വാക്കിലും പ്രകടമായിരുന്നു. ആറു പതിറ്റാണ്ട് കരുത്തും കരുതലും പകര്‍ന്ന ഉമ്മന്‍ ചാണ്ടിജി ജനമനസുകളില്‍ എന്നും ജീവിക്കും.
(ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വ സുവര്‍ണജൂബിലി ആഘോഷത്തിലും വിയോഗവേളയിലുമായി രാഹുല്‍ ഗാന്ധി പറഞ്ഞത്).