ചങ്ങനാശേരി ഒന്നാംനമ്പര്‍ സ്റ്റാന്‍ഡില്‍ ബസുകളുടെ സമാന്തര പാര്‍ക്കിംഗ്; വാഴൂര്‍ റോഡില്‍ ഗതാഗതക്കുരുക്ക്
1436895
Thursday, July 18, 2024 2:15 AM IST
ചങ്ങനാശേരി: നഗരത്തിലെ ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡില്‍ ബസുകളുടെ സമാന്തര പാര്‍ക്കിംഗ്. സ്റ്റാന്‍ഡിനുള്ളിലും മുമ്പില്‍ വാഴൂര്‍ റോഡിലും ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്ക്. സമാന്തരമായി ബസുകള്‍ പാര്‍ക്കുചെയ്തശേഷം ഡ്രൈവര്‍മാര്‍ സീറ്റില്‍നിന്നും ഇറങ്ങിപ്പോകുന്നതോടെയാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.
ബസ് സ്റ്റാന്‍ഡിന്റെ പ്രവേശന കവാടത്തിന്റെ ഒരു ഭാഗത്ത് വെങ്കോട്ട, മണിമല തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ചെറിയ സര്‍വീസുകള്‍ക്കും മറുഭാഗത്ത് ഹൈറേഞ്ച് ഭാഗത്തേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ക്കുമാണ് പാര്‍ക്കിംഗ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍, മണിമല ഭാഗങ്ങളിലേക്കുള്ള ബസുകള്‍ പാര്‍ക്കു ചെയ്യുന്നതിനു സമാന്തരമായി കോട്ടയം, വടക്കേക്കര ഭാഗങ്ങളിലേക്കുള്ള ബസുകള്‍ കൂടുതല്‍ സമയം പാര്‍ക്കു ചെയ്യുന്നതാണ് മറ്റു ബസുകള്‍ക്ക് സ്റ്റാന്‍ഡിലേക്കു കയറുന്നതിനും പുറത്തേക്കിറങ്ങുന്നതിനും തടസങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ തടസം വാഴൂര്‍ റോഡില്‍ സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ റെയില്‍വേ ബൈപാസ് ജംഗ്ഷന്‍വരെയുള്ള ഭാഗത്തേക്കു നീളുകയാണ് പതിവ്.
ദീര്‍ഘദൂര ബസുകള്‍ക്ക് അരമണിക്കൂറും ചെറിയ സര്‍വീസുകള്‍ക്ക് ഇരുപത് മിനിറ്റുമാണ് സ്റ്റാന്‍ഡിനുള്ളില്‍ പാര്‍ക്കിംഗ് അനുവദിച്ചിരിക്കുന്നത്.
എന്നാല്‍, ചില ബസുകള്‍ ഒരുമണിക്കൂറും അതിലേറെ സമയവും സ്റ്റാന്‍ഡിനുള്ളില്‍ ചെലവഴിക്കുന്നതായി ആക്ഷേപമുണ്ട്. നന്നേ ഇടയില്ലാത്ത ഈ ബസ് സ്റ്റാന്‍ഡിനുള്ളില്‍ ബസ് ജീവനക്കാര്‍ നിബന്ധനകള്‍ പാലിക്കാത്തത് ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുന്നതായി പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ബസ് സ്റ്റാന്‍ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നഗരസഭയും പോലീസും മോട്ടോര്‍ വാഹന വകുപ്പും ബസുടമാ സംഘവും മുന്‍കൈയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
ബസ് സ്റ്റാന്‍ഡ് വികസനം നീളുന്നു
ചങ്ങനാശേരി നഗരസഭയുടെ അധീനതയിലുള്ള ഈ ബസ് സ്റ്റാന്‍ഡിന്റെ വികസനത്തിനുള്ള നടപടികള്‍ മുടങ്ങിയ അവസ്ഥയിലാണ്. സ്റ്റാന്‍ഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലം അക്വയര്‍ ചെയ്യാനുള്ള നടപടികളും നീളുകയാണ്.
ഈ സ്റ്റാന്‍ഡിന്റെ വശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള സാധന സാമഗ്രികളും ബോര്‍ഡുകളും മറ്റും സ്റ്റാന്‍ഡിന്റെ പാര്‍ക്കിംഗ് ഏരിയായിലേക്ക് ഇറക്കിവയ്ക്കുന്നത് വിദ്യര്‍ഥികളടക്കം യാത്രക്കാർക്ക് ദുരിതമാണ്. അനധികൃത തട്ടുകടകളും സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കംഫര്‍ട്ട് സ്റ്റേഷന് നവീകരിക്കണം
നൂറുകണക്കിന് യാത്രക്കാര്‍ ദിനംപ്രതി വന്നുപോകുന്ന ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ജീര്‍ണാവസ്ഥയിലുള്ള കെട്ടിടത്തിന്റെ മുകളില്‍ കാട്ടുചെടികള്‍ വളര്‍ന്നു പന്തലിച്ച നിലയിലാണ്.
കംഫര്‍ട്ട് സ്റ്റേഷനു സമീപം കുന്നുകൂടുന്ന മാലിന്യം യാത്രക്കാര്‍ക്ക് സാംക്രമിക രോഗ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇവിടെനിന്നുള്ള മലിനജലം സ്റ്റാന്‍ഡിനുള്ളിലേക്ക് ഒഴുകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. ഇവിടെ മാലിന്യം തള്ളുന്നത് തടയാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. സ്റ്റാന്‍ഡിന്റെ ചുറ്റുപാടുകളിലെ ഓടകള്‍ ശുചീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
പോലീസ് എയ്ഡ്പോസ്റ്റ് സജീവമാക്കണം
ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ് പോസ്റ്റിനുള്ള ക്രമീകരണമുണ്ടെങ്കിലും പലപ്പോഴും പോലീസിന്റെ സാന്നിധ്യമില്ലെന്നാണ് പരാതി. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാലും പോലീസ് കണ്ണടയ്ക്കുന്നതായും ആക്ഷേപമുണ്ട്. ഇവിടത്തെ എയ്ഡ് പോസ്റ്റിനു മുമ്പില്‍ അനധികൃത തട്ടുകട പ്രവർത്തിച്ചിട്ടും നഗരസഭയും പോലീസും അനങ്ങിയിട്ടില്ല. ഒന്നരമാസം മുമ്പ് ബസ് സ്റ്റാന്ഡിനുള്ളില്വച്ച് ഇതരസംസ്ഥാന യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം ഉണ്ടായിരുന്നു.