യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
1438370
Tuesday, July 23, 2024 2:33 AM IST
പള്ളിക്കത്തോട്: യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ഒന്നാംമൈൽ ചേന്നാട്ടുപറമ്പിൽ റ്റിജോ ചാക്കോ (റ്റിജോപ്പൻ-33) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകുന്നേരം ആറിന് ഒന്നാംമൈൽ ഭാഗത്തുള്ള ഷാപ്പിൽ വച്ച് ആനിക്കാട് സ്വദേശിയായ യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഷാപ്പിലെത്തിയ റ്റിജോ യുവാവ് വാങ്ങിയ കള്ളെടുത്തു കുടിച്ചതിനെ യുവാവ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇയാൾ യുവാവിനെ ചീത്തവിളിക്കുകയും ഷാപ്പിന് വെളിയിലേക്ക് വലിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇതിനു കുറച്ചു ദിവസങ്ങൾക്ക് മുമ്പ് യുവാവിന്റെ സുഹൃത്തുക്കളും റ്റിജോയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ യുവാവിനെ ആക്രമിച്ചത്.
സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ചിങ്ങവനം, വാകത്താനം എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.