വേദന മറക്കാൻ വരച്ചുതുടങ്ങി; ജോഹൻ ചിത്രകാരനായി
1438375
Tuesday, July 23, 2024 2:34 AM IST
അതിരമ്പുഴ: കഠിനമായ വേദനയുടെ ദിവസങ്ങളിൽ കടലാസിൽ വെറുതെ വരച്ചു തുടങ്ങിയ ജോഹൻ മാസങ്ങൾക്കുള്ളിൽ വരച്ചത് നൂറുകണക്കിനു ചിത്രങ്ങൾ. ഫുട്ബോൾ കളി തലയ്ക്കു പിടിച്ച ജോഹൻ അവൻപോലുമറിയാതെ ചിത്രകാരനായി. ഇന്ന് നാട്ടിലെ താരമാണ് ജോഹൻ.
അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് അതിരമ്പുഴ കാരിക്കൊമ്പിൽ ജോബി ജോസഫിന്റെ മകനായ ജോഹൻ ജോസഫ് ജോബി. സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന ജോഹൻ സെന്റ് മേരീസ് എൽപി സ്കൂൾ അധ്യാപികയായ അമ്മ പ്രിയ എസ്. കടവന്റെ അടുത്തേക്ക് പോകാൻ റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. പൊട്ടിച്ചിതറിയ തുടയെല്ല് ശരിയാക്കാനായി കോട്ടയം മെഡിക്കൽ സെന്ററിൽ സങ്കീർണമായ ശസ്ത്രക്രിയയ്ക്കു വിധേയനായശേഷം കാൽ മടക്കാനോ നടക്കാനോ സാധിക്കാതെ മാസങ്ങൾ നീണ്ട വിശ്രമം. ഒപ്പം കഠിനമായ വേദനയും.
വേദനയിൽ ആശ്വാസം കണ്ടെത്താനായി വെറുതെ ചിത്രങ്ങൾ വരച്ചുതുടങ്ങി. പിന്നെ ചിത്രരചനയിലായി ശ്രദ്ധ മുഴുവൻ. ഒരു കാൽ നിവർത്തിവച്ച് ഇരുന്നുകൊണ്ടായിരുന്നു ആദ്യം വരച്ചത്. ഏപ്രിൽ മാസമായപ്പോഴേക്കും പെൻസിലിലും ക്രയോൺസിലും നൂറുകണക്കിനു ചിത്രങ്ങൾ വരച്ചുതീർത്തു.
അതിരമ്പുഴ പള്ളിയിലെ വൈദികർ ഭവനസന്ദർശനത്തിന് എത്തിയപ്പോൾ ജോഹന്റെ ചിത്രങ്ങൾ കണ്ടു. വൈദികരുടെ നിർദേശമനുസരിച്ച് വിശ്വാസോത്സവത്തോടനുബന്ധിച്ച് യുവദീപ്തി- എസ്എംവൈഎം പ്രവർത്തകർ ജോഹന്റെ ചിത്രങ്ങളുടെ പ്രദർശനമൊരുക്കി. നൂറുകണക്കിന് കുട്ടികളും മാതാപിതാക്കളും യുവജനങ്ങളും ജോഹന്റെ ചിത്രപ്രദർശനം കാണാനെത്തി. വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിലും സഹവൈദികരും വീട്ടിലെത്തി ജോഹനു സമ്മാനങ്ങൾ നൽകി.
ഇനിയും നടക്കാറായിട്ടില്ല. ഫുട്ബോൾ കളിക്കാനുമാകുന്നില്ല. ജോഹൻ ഇപ്പോഴും ചിത്രരചന തുടർന്നുകൊണ്ടേയിരിക്കുന്നു. ജ്യേഷ്ഠന് പിന്തുണയുമായി ഇരട്ട സഹോദരിമാർ അന്നക്കുട്ടിയും മേരിക്കുട്ടിയും എപ്പോഴും കൂടെയുണ്ട്.
കാൽ വയ്യാത്തതിനാൽ വർഷാരംഭത്തിൽ സ്കൂളിൽ പോകാനായില്ല. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ സ്കൂളിൽ പോകണമെന്ന വാശിയായി. മാതാപിതാക്കൾ കാറിൽ കൊണ്ടുപോയി എടുത്ത് ക്ലാസ് റൂമിൽ ഇരുത്തും. ബഞ്ചിൽ കാൽ നീട്ടിവച്ച് വൈകുന്നേരം വരെ ക്ലാസിൽ ഇരിക്കാൻ ജോഹന് മടുപ്പേയില്ല. സ്വതസിദ്ധമായ പുഞ്ചിരിയോടെ പഠനവും ചിത്രരചനയുമായി കൂട്ടുകാർക്ക് മാതൃകയായി ജോഹൻ എന്നും അവർക്കൊപ്പമുണ്ട്.