പ്രതിഷേധമാര്‍ച്ചും റോഡ് ഉപരോധവും നടത്തി
1452246
Tuesday, September 10, 2024 7:04 AM IST
കടുത്തുരുത്തി: കടുത്തുരുത്തി-പിറവം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും റോഡ് ഉപരോധവും നടത്തി. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ ദുരവസ്ഥ പരിഹരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള റോഡ് തകര്‍ന്ന് കുണ്ടുംകുഴിയുമായി കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറേയായി. രണ്ടുമാസം മുമ്പ് മണ്ണും മടമക്കുമിട്ട് റോഡിലെ കുഴികള്‍ നികത്തിയെങ്കിലും മഴ ശക്തമായതോടെ ഇവയെല്ലാം ഒഴുകി പോയി റോഡിന്റെ അവസ്ഥ കൂടുതല്‍ ദുരിതമായി. റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാരിന്റെ വികസന മുരടിപ്പിനെതിരേയുമാണ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി സമരം സംഘടിപ്പിച്ചത്.
ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളി, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ രാജു മൂപ്പനത്ത്, കെ.പി. വിനോദ്, കിഷോര്‍ വര്‍ഗീസ്, അഡ്വ. മധു ഏബ്രഹാം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധ പരിപാടിയില്‍ ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി അധ്യക്ഷത വഹിച്ചു. യു.പി. ചാക്കപ്പന് ഉദ്ഘാടനം ചെയ്തു.
അറസ്റ്റില്‍ പ്രതിഷേധിച്ചു പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. അറസ്റ്റ് ചെയ്തവരെ പീന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.