പെരിയാര്‍ കടുവാസങ്കേതത്തില്‍നിന്ന് ഒഴിവാക്കല്‍: എയ്ഞ്ചൽവാലിയിലും പമ്പാവാലിയിലും അവ്യക്തത
1460461
Friday, October 11, 2024 5:19 AM IST
കോട്ടയം: എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി വാര്‍ഡുകളെ പെരിയാര്‍ കടുവാ സങ്കേതപരിധിയില്നിന്ന് കേന്ദ്ര വന്യജീവി ബോര്‍ഡ് ഒഴിവാക്കിയെന്ന വാര്‍ത്തകളില്‍ അവ്യക്തതയുള്ളതായി കര്‍ഷകസംഘടനകള്‍.
ബുധനാഴ്ച രാവിലെ ഡല്‍ഹിയില്‍ നടന്ന ബോര്‍ഡ് യോഗത്തിലെ മുഖ്യ അജൻഡയില്‍ എയ്ഞ്ചൽവാലി വിഷയം ഉള്‍പ്പെട്ടിരുന്നില്ല. മാത്രവുമല്ല രണ്ടു വാര്‍ഡുകളെ ഒഴിവാക്കിയതായി വെബ് സൈറ്റില്‍ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായില്ല. രണ്ടു വാര്‍ഡുകളുടെ അതിര്‍ത്തിനിര്‍ണയം ഉള്‍പ്പെടെ റവന്യു വകുപ്പ് നടപടികള്‍ ബാക്കിയുണ്ടുതാനും.
എയ്ഞ്ചൽവാലി, തുലാപ്പള്ളി ജനവാസ മേഖലയെ കടുവാസങ്കേത പരിധിയില്‍നിന്ന് ഒഴിവാക്കുന്നതിന് 2023 ജനുവരി 19ന് സംസ്ഥാന വന്യജീവി ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ദേശീയ വന്യജീവി ബോര്‍ഡ് തീരുമാനം എടുക്കണമെങ്കില്‍ അതിര്‍ത്തി പുനര്‍നിര്‍ണയം ഇതിനു മുന്നോടിയായി പൂര്‍ത്തിയാക്കണമായിരുന്നു. ഈ സാഹചര്യത്തില്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ അജണ്ടയില്‍ പോലും എയ്ഞ്ചൽവാലിയും തുലാപ്പള്ളിയും ഉള്‍പ്പെട്ടില്ലെന്നാണ് സൂചന.
പെരിയാര്‍ കടുവാ സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുവെന്നും ഇതനുസരിച്ച് എയ്ഞ്ചൽവാലി ഉള്‍പ്പെടുന്ന ജനവാസ മേഖല പൂര്‍ണമായി ഒഴിവാക്കിയെന്നുമുള്ള അടിസ്ഥാനരഹിത പ്രസ്താവന ഇറക്കിയ ജനപ്രതിനിധികളും സര്‍ക്കാരും നിരുപാധികം മാപ്പുപറയണമെന്ന് കിഫ കോട്ടയം ജില്ലാ പ്രസിഡന്റ് വിദ്യാധരന് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.
ആകാശ സര്‍വേകളിലും രേഖകളിലും ഇവിടം പമ്പ വനത്തിന്റെ ഭാഗമാണെന്നും ഇവിടെ മൂന്നു തലമുറകളായി ജീവിക്കുന്ന 1200 കുടുംബങ്ങള്‍ ഉപാധികളില്ലാതെ ഒഴിഞ്ഞുപോകണമെന്നുമായിരുന്നു വനംവകുപ്പിന്റെ മുന്‍കാലങ്ങളിലെ നിലപാട്. വന്യമൃഗങ്ങള്‍ മൂന്നു കര്‍ഷകരെ അരുംകൊല ചെയ്തപ്പോഴും കാലങ്ങളായി കൃഷി നശിപ്പിച്ചപ്പോഴും നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ വനംവകുപ്പ് നിഷേധ നിലപാടിലായിരുന്നു. പ്രതിഷേധിച്ച ജനങ്ങള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കുകയും ചെയ്തിരുന്നു.
പെരിയാര്‍ കടുവാസങ്കേതത്തില്നിന്നും 502.723 ഹെക്ടര്‍ ജനവാസമേഖലയാണ് ഒഴിവാക്കപ്പെടേണ്ടത്. ഇതിനുള്ള നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
ഇവിടത്തെ പട്ടയവിതരണം ഇപ്പോഴും പൂര്‍ണമായിട്ടില്ല. പ്രദേശത്തെ കടുവാസങ്കേത പരിധിയില്‍നിന്നും ഒഴിവാക്കി പ്രഖ്യാപനം വരികയും ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്യാതെ നടപടി പൂര്‍ണമാകില്ല. ഇത്തരത്തില്‍ അനുകൂല തീരുമാനമുണ്ടായാല്‍ മാത്രമേ പട്ടയവിതരണത്തില്‍ കാലങ്ങളായി തുടരുന്ന തടസവും കാലതാമസവും ഒഴിവാകൂ.
ഈ നടപടികൾ പൂര്‍ത്തിയായാലും പരിസ്ഥിതിലോലം, ബഫര്‍ സോണ്‍ പരിധികള്‍ പമ്പാവാലി, എയ്ഞ്ചൽവാലി നിവാസികള്‍ നിയമപരിരക്ഷയിലൂടെ മറികടക്കേണ്ടതുണ്ട്. മാത്രവുമല്ല, പട്ടയം ലഭിച്ചാല്‍പോലും സ്ഥലത്തിന്റെ ക്രയവിക്രയത്തിന് അനുമതിയായിട്ടില്ല. സ്ഥലത്തിന് താരിഫ് വില നിലവിലില്ല എന്നതാണ് പരിമിതി. റവന്യു വകുപ്പ് താരിഫ് വില നിശ്ചയിച്ചശേഷമേ പുതിയ ആധാരങ്ങള്‍ സാധുവാക്കാനാകൂ. വാങ്ങല്‍, വില്പന, വച്ചുമാറ്റം, ഇഷ്ടദാനം തുടങ്ങിയ നടപടികള്‍ക്ക് കാലതാമസം വരും.
അനുകൂല നടപടിയുണ്ടായില്ല
കോട്ടയം: പമ്പാവാലി, എയ്ഞ്ചൽവാലി വാര്‍ഡുകളെ പെരിയാര്‍ കടുവാസങ്കേത പരിധിയില്‍ നിന്നൊഴിവാക്കുന്നതില്‍ വ്യക്തമായ തീരുമാനമോ പ്രഖ്യാപനമോ ബുധനാഴ്ച രാവിലെ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗത്തിലുണ്ടായില്ലെന്ന് ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നു.
കേരള സര്‍ക്കാരിന്റെയും സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെയും നിര്‍ദേശം സ്റ്റാന്‍ഡിംഗ് കമ്മിറ്റി പരിശോധിക്കാന്‍ മാത്രമാണ് വനംമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഈ മാസം അഞ്ചിന് നിര്‍ദിഷ്ട പോര്‍ട്ടലില്‍ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ വന്നില്ല.