വിസ്മയമൊരുക്കി കുട്ടി ചിത്രകാരന്മാര്
1461321
Tuesday, October 15, 2024 7:28 AM IST
കോട്ടയം: കാന്‍വാസില്‍ വര്‍ണ വിസ്മയമൊരുക്കി കുട്ടി ചിത്രകാരന്മാരുടെ ചിത്ര പ്രദര്‍ശനം. ലിറ്റില്‍ ഫ്ളവേഴ്സ് എന്ന പേരില്‍ കേരള ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തില്‍ 27 കുട്ടികളുടെ 80 ചിത്രങ്ങളാണുള്ളത്.
മാറ്റ്മ ആര്‍ട്ട് കളക്ടീവിന്റെ ആഭിമുഖ്യത്തിലാണു പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. 17 വയസില്‍ താഴെയുള്ള കുട്ടികളുടെ ചിത്രരചനയെ പ്രോത്സാഹിപ്പിക്കുക, പ്രദര്‍ശനം നടത്തി അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
സോഷ്യല്‍ മീഡിയ വ്യാപകമാകുന്ന കാലത്ത് കലാമേഖലയിലെ കുട്ടികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ പ്രദര്‍ശനത്തിലൂടെ സാധ്യമാകുമെന്നാണു വിലയിരുത്തല്‍. വരച്ച ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു പ്രദര്ശനത്തിനെത്തിച്ചതും കുട്ടി ചിത്രകാരന്മാര് തന്നെയാണ്.
കേരളത്തിന്റെ പ്രകൃതിഭംഗിയും ഗ്രാമാന്തരീക്ഷവും എന്നു തുടങ്ങി വിവിധങ്ങളായ വിഷയങ്ങളെ ആസ്പദമാക്കിയാണു ചിത്രങ്ങളിലേറെയും. രാവിലെ 10 മുതല്‍ വൈകുന്നേരം 6.30 വരെയാണു പ്രദര്‍ശനം. 17ന് സമാപിക്കും.