കാട്ടിക്കുന്ന് തുരുത്തിലെ റോഡുകൾ ചെളിക്കുളം
1565879
Monday, June 9, 2025 7:26 AM IST
വൈക്കം: ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് തുരുത്തിലെ കുണ്ടും കുഴിയുമായ റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. തുരുത്തിലെ പ്രധാന റോഡുകളായ തീരംറോഡ്, സ്രായിൽറോഡ് എന്നിവ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാൻ പദ്ധതി വിഭാവനം ചെയ്തിരുന്നെങ്കിലും നിർമാണം നടന്നില്ല.
പഞ്ചായത്തിലെ 15വാർഡിനും 10 ലക്ഷംരൂപ വീതം റോഡ് ഗതാഗതയോഗ്യമാക്കാൻ അനുവദിച്ചിരുന്നെങ്കിലും കാട്ടിക്കുന്ന് തുരുത്തിലെ റോഡുകളൊഴിച്ചുള്ളവയുടെ നിർമാണം നടന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു.
കാട്ടിക്കുന്ന് തുരുത്തിലേക്കു പാലം നിർമിച്ചതോടെ തുരുത്തിലേക്ക് ഭാരവണ്ടികളടക്കം എത്തിയതിനെത്തുടന്നാണ് റോഡുകൾ തകർന്നത്. തുടർച്ചയായി മഴ പെയ്തതോടെ ചെളി നിറഞ്ഞ റോഡിലൂടെ കാൽനട പോലും ദുഷ്കരമായി.
തുരുത്തിൽ 125 കുടുംബങ്ങളിലായി അഞ്ഞൂറോളം ആളുകൾ താമസിക്കുന്നുണ്ട്. 15ാം വാർഡിൽ ജനപ്രതിനിധി ബിജെപി അംഗമായതിനാലാണ് വാർഡിലെ വികസന പ്രവർത്തനങ്ങൾ നടത്താൻ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കാത്തതെന്ന് ബിജെപി നേതൃത്വം ആരോപിക്കുന്നു.