കേരളോത്സവ വിജയികൾ കാത്തിരിക്കുന്നു ; സമ്മാനം നൽകാത്ത തീക്കോയിയുടെ അനാസ്ഥയ്ക്ക് ഒന്നാം സമ്മാനം
1592978
Friday, September 19, 2025 11:50 PM IST
തീക്കോയി: ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ വർഷം നടത്തിയ കേരളോത്സവത്തിൽ വിജയികളായവർക്ക് ഒരു വർഷമായിട്ടും സമ്മാനങ്ങൾ നൽകിയില്ലെന്ന് ആക്ഷേപം. കലാ-കായിക മത്സരങ്ങളിൽ വിജയികളായ ഒരാൾക്കു പോലും സർട്ടിഫിക്കറ്റുകളോ മെഡലുകളോ നൽകിയിട്ടില്ല. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന മത്സര വജികൾക്കാണ് ഒരു വർഷമാകുന്പോഴും സമ്മാനം വിതരണം ചെയ്യാതെ പഞ്ചായത്ത് അനാസ്ഥ കാണിക്കുന്നത്.
പതിനായിരം കിട്ടിയിട്ടും
തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലെ യുവജനങ്ങളുടെ കലാ-കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കാനാണ് വർഷംതോറും കേരളോത്സവം നടത്തുന്നത്. യുവജനക്ഷേമ ബോർഡിൽനിന്ന് ഇതിനായി പതിനായിരം രൂപ വീതം നൽകും.
മത്സരങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികൾ വാങ്ങാനും സമ്മാനങ്ങൾ നൽകാനും ഈ തുക വിനിയോഗിക്കാം. മതിയാകാതെ വരുന്ന തുക തനത് ഫണ്ടിൽനിന്നു ചെലവഴിക്കാനും തടസമില്ല. ഓരോ തദ്ദേശസ്ഥാപനത്തിനും പതിനായിരം രൂപ വീതം കൃത്യമായി കിട്ടുന്നുണ്ട്. എന്നാൽ, തീക്കോയി പഞ്ചായത്തിൽ ഈ തുക പോലും വിനിയോഗിച്ചില്ലെന്നാണ് ആക്ഷേപം.
ബ്ലോക്ക് പഞ്ചായത്ത് നൽകി
ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങി ഗ്രൂപ്പിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരുടെ എണ്ണംതന്നെ മുപ്പതിലധികം വരും. മറ്റു മത്സരങ്ങൾകൂടി പരിഗണിക്കുമ്പോൾ അമ്പതോളം പേർക്കാണ് സമ്മാനങ്ങൾ നൽകേണ്ടത്. പഞ്ചായത്ത് തലത്തിലെ മത്സരങ്ങൾ വിജയിച്ചു
ബ്ലോക്ക് മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചവർക്കു ബ്ലോക്ക് പഞ്ചായത്ത് സമ്മാനങ്ങൾ നൽകിയിരുന്നു. എന്നാൽ, ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കാൻ യോഗ്യത നേടിയ പഞ്ചായത്തിൽ വിജയികളായവർക്കു സമ്മാനങ്ങൾ നൽകിയിട്ടില്ല എന്നതാണ് വിചിത്രം.
കളിക്കളവും കണികാണാനില്ല
ഒരു പഞ്ചായത്തിൽ ഒരു പൊതു കളിക്കളം എന്ന സർക്കാരിന്റെ നയവും ഇവിടെ നടപ്പായിട്ടില്ല. പൊതു ഗ്രൗണ്ടിനായി സ്ഥലം കണ്ടെത്തിയിട്ടില്ല. കേരളോത്സവ മത്സരങ്ങൾ മറ്റു സ്വകാര്യ ഗ്രൗണ്ടിലാണ് നടത്തിയത്. സമീപ പഞ്ചായത്തുകൾ മത്സരങ്ങൾ നടത്തി ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി മാസങ്ങൾ പിന്നിട്ടിട്ടും തീക്കോയി പഞ്ചായത്തിൽ ഇനിയും അനങ്ങാത്തതിൽ പ്രതിഷേധവും ശക്തമാണ്. അതിനിടെ, അടുത്ത കേരളോത്സവത്തിന് ഉള്ള സംഘാടകസമിതി രൂപീകരണ നടപടി പഞ്ചായത്ത് ആരംഭിച്ചു കഴിഞ്ഞു.
അതേസമയം, കഴിഞ്ഞ വർഷം മത്സരങ്ങളിൽ പ്രാതിനിധ്യം കുറവായിരുന്നുവെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് പറഞ്ഞു. കേരളോത്സവത്തിന് സംഘാടനത്തിനായി മൂന്നു മെംബർമാരെ ചുമതലപ്പെടുത്തിയിരുന്നു. ആർക്കെങ്കിലും സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ ഉണ്ടെങ്കിൽ ഇത്തവണത്തെ മത്സര വിജയികൾക്ക് ഒപ്പം നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.