ഇ-ഹോസ്പിറ്റല്‍, എഎച്ച്ഐഎംഎസ് പോര്‍ട്ടലുകള്‍ക്ക് പ്രശംസ
1593221
Saturday, September 20, 2025 7:22 AM IST
കോട്ടയം: കേരളം വികസിപ്പിച്ച പുതുതലമുറ ഇ-ഹോസ്പിറ്റല്‍, എഎച്ച്ഐഎംഎസ് (ആയുഷ് ഹോമിയോപ്പതി ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം)പോര്‍ട്ടലുകള്‍ക്ക് കുമരകത്ത് നടന്ന ദേശീയ ശില്പശാലയില് പ്രശംസ. ദേശീയ ആയുഷ് മിഷന് കേരളയും സംസ്ഥാന ആയുഷ് വകുപ്പും കേന്ദ്ര ആയുഷ് മന്ത്രാലയവും സംയുക്തമായാണ് കുമരകത്ത് ആയുഷ് മേഖലയിലെ ഐടി പരിഹാരമാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയ ശില്പശാല സംഘടിപ്പിച്ചത്.
രോഗികള്‍ക്ക് ആശുപത്രികളുമായും ഡോക്ടര്‍മാരുമായും ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ബന്ധപ്പെടാന്‍ സഹായിക്കുന്ന ഏകജാലക സംവിധാനമാണ് നെക്സ്റ്റ്-ജെന്‍ ഇ-ഹോസ്പിറ്റല്‍. എഎച്ച്ഐഎംഎസ് 2.0 ആയുഷ് സ്ഥാപനങ്ങളിലെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളും രോഗീപരിചരണവും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്ര ഐടി പ്ലാറ്റ്ഫോമാണെന്ന്”ആയുഷ് മേഖലയിലെ ഐടി സൊല്യൂഷന്‍സ്’’ എന്ന സെമിനാറില്‍ സംസാരിച്ച വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഐഎസ്എം സ്ഥാപനങ്ങളുടെ പൂര്‍ണ ഡിജിറ്റലൈസേഷന്, എല്ലാ മൊഡ്യൂളുകളുടെയും പൂര്‍ണമായ ഉപയോഗം, എബിഎച്ച്എ (ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ട്) അടിസ്ഥാനമാക്കിയുള്ള ഒപിഡി രജിസ്ട്രേഷന് എന്നിവയാണ് ഭാവിയില്‍ ലക്ഷ്യമിടുന്നത്. എബിഎച്ച്എ എന്നത് 14 അക്കങ്ങളുള്ള തിരിച്ചറിയല്‍ നമ്പറാണ്. വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ക്കിടയില്‍ ആരോഗ്യ രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും പങ്കിടാനും സഹായിക്കുന്നു.
സര്‍ക്കാര്‍ മേഖലയില്‍ ഹോമിയോപ്പതി വകുപ്പിന് 743 സ്ഥാപനങ്ങളും 409 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 1100ല്‍ അധികം ഡിസ്പെന്‍സറികളും ഉണ്ടെന്ന് എഎച്ച്ഐഎംഎസ് നോഡല്‍ ഓഫീസറും മെഡിക്കല്‍ ഓഫീസറുമായ ഡോ.എസ്.കെ. അനില്‍ പറഞ്ഞു. എഎച്ച്ഐഎംഎസ് കണ്‍വീനറും ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഡോ. രാജേഷ് കുമാര്‍ കെ.പി, ഡോ. ഷക്കീര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.