ബൗദ്ധിക സമൂഹത്തില്‍ സഭയുടെ സാന്നിധ്യമായി അധ്യാപകര്‍ മാറണം: മാര്‍ തോമസ് തറയില്‍
1592988
Friday, September 19, 2025 11:50 PM IST
ചങ്ങനാശേരി: അധ്യാപകര്‍ മാര്ഗദര്ശികളാകണമെന്നും ബൗദ്ധിക സമൂഹത്തില്‍ സഭയുടെ സാന്നിധ്യമായി മാറണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. വിദ്യാലയങ്ങള്‍ വെറും സ്ഥാപനങ്ങള്‍ മാത്രമല്ല, മൂല്യങ്ങള്‍ പകര്‍ന്ന് നല്കുവാനുള്ള വേദി കൂടിയാണെന്ന് അധ്യാപകര്‍ മനസിലാക്കണമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തില്‍ എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച അധ്യാപക ദിനാചരണം “ഡിഡാസ്കോ-2025’’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
അതിരൂപത വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ അധ്യക്ഷത വഹിച്ചു. വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് യുപി സ്കൂള്‍, നെടുംകുന്നം സെന്റ് തെരേസാസ് എല്‍പി സ്കൂള്‍ എന്നിവ യഥാക്രമം ഹയര്‍സെക്കന്‍ഡറി, ഹൈസ്കൂള്‍, യുപി, എല്‍പി വിഭാഗങ്ങളിലെ മികച്ച സ്കൂളുകളായി തെരഞ്ഞെടുക്കപ്പെട്ടു.
കോര്‍പറേറ്റ് മാനേജ്മെന്റിലെ മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡിന് പങ്ങട എസ്എച്ച് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് വി.എം. റെജിമോന്, കുറുമ്പനാടം സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര് ബിനു ജോണ്‍ എന്നിവര്‍ അര്‍ഹരായി. മികച്ച അനധ്യാപികയായി പങ്ങട എസ്എച്ച് ഹൈസ്കൂളിലെ ശോഭ തെരഞ്ഞെടുക്കപ്പെട്ടു. 100 ശതമാനം വിജയം ലഭിച്ച സ്കൂളുകളെയും സാഹിത്യ രചനാ മത്സരങ്ങളില്‍ വിജയികളായ അധ്യാപകരെയും സമ്മേളനത്തില്‍ ആദരിച്ചു.
കുറിച്ചി മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. മനോജ് കറുകയില്‍, കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോബി മൂലയില്‍, അസിസ്റ്റന്റ് കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ടോണി ചെത്തിപ്പുഴ, അതിരൂപത ടീച്ചേര്‍സ് ഗില്‍ഡ് പ്രസിഡന്റ് ഈശോ തോമസ്, സെക്രട്ടറി ഡോ. ജിഷാമോള്‍ അലക്സ്, പി.കെ. തോമസുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.
അതിരൂപതയിലെ വിവിധ സ്കൂളുകളില്‍നിന്നായി 400ല്‍പ്പരം അധ്യാപകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഷൈനിമോള് കുര്യാക്കോസ്, പ്രകാശ് ജെ. തോമസ്, ബിജു ജോണ്‍, ജോഗേഷ് വര്‍ഗീസ്, ഷേര്‍ലിക്കുട്ടി ആന്റണി, സിസ്റ്റര്‍ സോഫി എസ്എബിഎസ്, ബൈജു ടി. ഡാല്‍മുഖം, പിന്റു ഡി. കളരിപ്പറമ്പില്‍, എബി ടോം, റെജിസാമ്മ ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.