ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ റോഡ് നിര്‍മാണത്തിന് 60 ലക്ഷത്തിന്റെ ഭരണാനുമതി
1593228
Saturday, September 20, 2025 7:31 AM IST
ചങ്ങനാശേരി: മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ റോഡ് പുനര്‍നിര്‍മാണ പ്രവൃത്തിക്ക് 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു. മുന്‍സിപ്പല്‍ പ്രദേശത്തെ ഏക വിനോദ പാര്ക്കിന് സമീപമുള്ള പ്രധാന റോഡാണിത്.
നിരവധി വാഹനങ്ങളും അതിലധികം കാൽനട യാത്രികരും ഉപയോഗിക്കുന്ന റോഡ് ദീര്‍ഘനാളായി തകര്‍ന്ന് യാത്രാദുരിതം നേരിട്ടിരുന്നു. മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലേക്കു എംസി റോഡില്‍നിന്നുമുള്ള ഏക റോഡുമാണിത്.
പ്രദേശവാസികള്‍ക്ക് ആകമാനം ഗുണം ചെയ്യുന്ന തരത്തില്‍ റോഡും വെള്ളം ഒഴുകിപ്പോകാന്‍ ഓടയും ദിശാ ബോര്‍ഡുകളും മറ്റു അനുബന്ധ സംവിധാനങ്ങളും ഉള്‍പ്പെടെയാണ് റോഡ് നിര്‍മാണം വിഭാവനം ചെയ്തിരിക്കുന്നത്. എത്രയും വേഗം പ്രവൃത്തി തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.