നീലംപേരൂര്‍ പടയണി: മകം പടയണി ഇന്ന്, പൂരം പടയണി നാളെ
1593027
Friday, September 19, 2025 11:50 PM IST
നീലംപേരൂര്‍: പള്ളി ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് പൂരം പടയണിക്ക് തുടക്കം കുറിച്ച് മകം പടയണി അരങ്ങേറും. ഇതിന്റെ ഭാഗമായി പടയണിക്കളത്തില്‍ കൊടിക്കൂറയ്ക്കും കാവല്പിശാചിനുമൊപ്പം അമ്പലക്കോട്ട എഴുന്നെള്ളും. ഇന്നലെ പടയണികള്‍ക്ക് കാവലായി പടയണി കളത്തില്‍ കാവല്‍ പിശാച് എത്തി.
ഇന്ന് ഗന്ധര്‍വനഗരത്തില്‍ കണ്ട ക്ഷേത്രദര്‍ശനത്തിന്റെ കാഴ്ചയായ അമ്പലക്കോട്ട എഴുന്നള്ളും. പതിനഞ്ചു ദിവസത്തെ പടയണി ചടങ്ങുകളില്‍ പതിനാലാം ദിവസമാണ് മകം പടയണി. മകം പടയണിയില്‍ അടിയന്തര കോലമായി എഴുന്നള്ളുന്നത് അമ്പലക്കോട്ടയാണ്. നെല്ലിന്റെ നാളായ മകം നാളിലാണ് മകം പടയണി ക്ഷേത്രമുറ്റത്ത് നടത്തുന്നത്.
നാളെ പ്രസിദ്ധമായ പൂരം പടയണി നടക്കും. നൂറു കണക്കിനാളുകളുടെ ആര്‍പ്പുവിളികളുടെയും ആരവങ്ങളുടെയും അകമ്പടിയില്‍ ഒരു വല്യന്നവും രണ്ട് ഇടത്തരം അന്നങ്ങളും പുത്തനന്നങ്ങളും കൂടാതെ അവിട്ടം നാളില്‍ ചൂട്ട് വച്ച് ആരംഭിച്ച കോലങ്ങളും പൂരം പടയണിയില്‍ ഒന്നിച്ച് വല്യന്നത്തിന് കൂട്ടായി പടയണിക്കളത്തില്‍ എത്തും. അന്നങ്ങളുടെയും കോലങ്ങളുടെയും അവസാനഘട്ട പണിയില്‍ സജീവമാണ് ക്ഷേത്രപരിസരം. പുത്തന്‍ അന്നങ്ങളുടെ വരിച്ചില് ജോലികളാണ് പ്രധാനമായും നടക്കുന്നത്.