സുറിയാനി ഭാഷാ സംസ്കാരവും ആരാധനാ ശൈലികളും സഭൈക്യത്തിലേക്ക് നയിക്കും: ഡോ. കാൾ പിങ്കെറ
1593216
Saturday, September 20, 2025 7:22 AM IST
കോട്ടയം: സുറിയാനി ഭാഷാ സംസ്കാരവും ആരാധനാ ശൈലികളും സഭകള്‍ തമ്മിലുള്ള ഐക്യത്തിലേക്ക് നയിക്കുമെന്ന് ജര്‍മനിയിലെ മാര്‍ബുര്‍ഗ് സര്‍വകലാശാല പ്രഫ. ഡോ. കാള്‍ പിങ്കെറ. സെന്റ് ഇഫ്രേം എക്യുമെനിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ലോക സുറിയാനി സമ്മേളനത്തോടനുബന്ധിച്ചു കോട്ടയം പഴയ സെമിനാരിയില്‍ നടത്തിയ സുറിയാനി വേദശാസ്ത്ര സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കല്‍ദായ സഭയുടെ മാര്‍ യോഹന്നാന് ജോസഫ് എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ചു.
ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത, സെമിനാരി പ്രിന്‍സിപ്പല്‍ റവ.ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ബര്‍സാര്‍ റവ.ഡോ. നൈനാന് കെ. ജോര്‍ജ്, സെന്റ് ഇഫ്രേം എക്യുമെനിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സീരി) ഡയറക്ടര്‍ റവ.ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍, റവ.ഡോ. വര്‍ഗീസ് പി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രഫ.ഡോ. അലയ്ന് ദസ്രമസ്, പ്രഫ.ഡോ. ഫ്രാന്‍സ്വാ ബിക്വാല്, പ്രഫ.ഡോ. മ്യൂറിയില് ഡിബി (ഫ്രാന്‍സ്), പ്രഫ.ഡോ. ഡാനിയേല്‍ മക്കോനഗി (യുഎസ്എ), പ്രഫ.ഡോ. ഹെറാള്‍ഡ് സുര്മന് (ജര്‍മനി), പ്രഫ.ഡോ. നേതാന് തിലി (വാഷിംഗ്ടണ്‍), പ്രഫ. ഹിദേമി തക്കഹാഷി (ജപ്പാന്), ഡോ. സിസ്റ്റര്‍ മരിയ തെരേസ (ലെബനോന്) എന്നിവര്‍ സംവാദങ്ങള്‍ക്ക് നേതൃത്വം നല്കി.