മാഞ്ഞൂരിൽ കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിര്‍മാണം തുടങ്ങി
1593224
Saturday, September 20, 2025 7:31 AM IST
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ നടപ്പാക്കുന്ന പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസ് മെമ്മോറിയല്‍ കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിര്‍മാണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു.
യോഗത്തില്‍ മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ കൊണ്ടൂക്കാല, പഞ്ചായത്തംഗം ആനിയമ്മ ജോസഫ്, യുവജനക്ഷേമ ബോര്‍ഡ് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ജിത്തു ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.
25 ലക്ഷം രൂപ മാഞ്ഞൂര്‍ പഞ്ചായത്തില്‍നിന്നും 15 ലക്ഷം രൂപ ജില്ലാ പഞ്ചായത്തില്‍നിന്നും വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പതിനാറാം വാര്‍ഡിലെ 150 കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടും. കുടിവെള്ള സ്രോതസ് നിര്‍മാണം പൂര്‍ത്തീകരിച്ചു. മോട്ടര്‍പുരയുടെ നിര്‍മാണവും തുടങ്ങി. ഉടന്‍തന്നെ പദ്ധതി നാടിനു സമര്‍പ്പിക്കാന്‍ കഴിയുമെന്ന് പഞ്ചായത്തംഗം ആനിയമ്മ ജോസഫ് പറഞ്ഞു.
കുളത്തിനുള്ള സ്ഥലം ബിജു കൃപയും ടാങ്ക് നിര്‍മിക്കാനുള്ള സ്ഥലം തോമസ് നീണ്ടശേരിയുമാണ് സൗജന്യമായി പഞ്ചായത്തിന് നല്‍കിയത്.