അവഗണനയുടെ നടുവിൽ ശ്വാസംമുട്ടി ഒരു റോഡ്
1592983
Friday, September 19, 2025 11:50 PM IST
മുണ്ടക്കയം: മുണ്ടക്കയം മേഖലയിലെ ആദ്യകാല റോഡുകളിൽ ഒന്നായ മുണ്ടക്കയം-വരിക്കാനി-വണ്ടൻപതാൽ റോഡ് അവഗണനയുടെ നടുവിൽ.
ദീർഘനാളായുള്ള നാട്ടുകാരുടെ ആവശ്യത്തിനൊടുവിൽ ഇതുവഴി ബസ് സർവീസ് ആരംഭിച്ചിരുന്നു. മുണ്ടക്കയം-വരിക്കാനി-വണ്ടൻപതാൽ മുപ്പത്തഞ്ചാംമൈൽ വഴി തെക്കേമലയിലെത്തുന്ന ബസ് സർവീസാണ് ആരംഭിച്ചത്. എന്നാൽ, റോഡിന്റെ വീതിക്കുറവും വശങ്ങളിൽ അനധികൃതമായി തടിയും മണ്ണും കൂട്ടിയിട്ടിരിക്കുന്നതും വാഹന യാത്ര ദുഷ്കരമാക്കുകയാണ്.
റോഡിന്റെ വീതിക്കുറവ് മൂലം രണ്ടു വാഹനങ്ങൾ ഒരേസമയം എത്തിയാൽ കടന്നുപോകാൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും സ്കൂൾ സമയങ്ങളിലടക്കം ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നു പ്രദേശവാസികൾ പറയുന്നു.
വീതി കുറഞ്ഞു
മുണ്ടക്കയം മുളങ്കയം മുതൽ വണ്ടൻപതാൽ കത്തോലിക്ക പള്ളി വരെയുള്ള റോഡിന്റെ പല ഭാഗത്തും വീതി തീർത്തും കുറവാണ്.
1964ൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഈ റോഡ് മുണ്ടക്കയം മുതൽ മുപ്പത്തഞ്ചാംമൈൽ വരെയുള്ള ദേശീയപാതയ്ക്കും മുണ്ടക്കയം-കോരുത്തോട് റോഡിനും സമാന്തര പാതയായും ഉപയോഗിക്കുന്നുണ്ട്. ഗതാഗത പ്രശ്നങ്ങളോ നിർമാണ പ്രവർത്തനങ്ങളോ നടക്കുമ്പോൾ ഈ റോഡ് വഴിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ, റോഡിന്റെ വശത്ത് അനധികൃതമായി കല്ലും മണ്ണും ഉപയോഗശൂന്യമായ വസ്തുക്കളും നിക്ഷേപിച്ചതോടെ റോഡിന്റെ വീതി തീർത്തും കുറഞ്ഞു. കൂടാതെ പല ഭാഗത്തും റോഡിന്റെ വശങ്ങൾ കാടുകയറി മൂടിയ നിലയിലുമാണ്.
അടിയന്തരമായി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.