സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ
1578311
Wednesday, July 23, 2025 11:20 PM IST
തൊടുപുഴ: അരിവിതരണം നിലച്ചതോടെ ജില്ലയിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ. ഇടവെട്ടിയിലെ സപ്ലൈക്കോ ഗോഡൗണിൽ നിന്നുള്ള അരിവിതരണം നിലച്ചതാണ് പ്രതിസന്ധിക്കു കാരണം. ഇടവെട്ടി ഡിപ്പോയിലേക്ക് അരി എത്തിക്കുന്നതിനു ഓപ്പണ് ടെൻഡർ ക്ഷണിച്ച് കരാർ നൽകുകയാണ് പതിവ്. 2025-2027 കാലയളവിൽ വിളിച്ച പുതിയ ടെൻഡർ ആലപ്പുഴ സ്വദേശിയാണ് എടുത്തിരിക്കുന്നത്. ഇദ്ദേഹവും ഡിപ്പോയിലെ തൊഴിലാളികളും തമ്മിലുള്ള തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അതിനാൽ അരി എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്.
ഇതേത്തുടർന്ന് ഇന്നലെ അസിസ്റ്റന്റ് ലേബർ ഓഫീസർ തൊഴിലാളികളുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. നാളെ ജില്ലാ ലേബർ ഓഫീസറുമായി വീണ്ടും ചർച്ച നടത്തും. അധ്യയന വർഷത്തിന്റെ ആദ്യ ദിനങ്ങളിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. ജില്ലയിലെ പകുതിയിലധികം സ്കൂളുകളിലും സ്കൂൾ തുറക്കുന്ന അന്നും അരി ലഭിച്ചിരുന്നില്ല.
പല സ്കൂളുകളിലും ഒരാഴ്ചയ്ക്കു ശേഷമാണ് അരി ലഭിച്ചത്. അരിയില്ലെങ്കിലും കുട്ടികൾക്ക് ഭക്ഷണം കൊടുക്കണമെന്നും ഇത് പ്രഥമാധ്യാപകരുടെ കടമയാണെന്നും സർക്കാർ ഉത്തരവിറക്കി തടിയൂരുകയായിരുന്നു. ഈ ദിവസങ്ങളിൽ പ്രഥമാധ്യാപകർ വാങ്ങി നൽകിയ അരിയുടെ വില ഇതുവരെ നൽകിയിട്ടുമില്ല. ഒരു മാസത്തിനു ശേഷം വീണ്ടും സമാനമായ സാഹചര്യമാണ് രൂപപ്പട്ടിരിക്കുന്നത്.
കയറ്റിറക്ക് കൂലിയുടെ പേരിൽ കുട്ടികളെ പട്ടിണിയിലാക്കുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. ജൂണിൽ പ്രഥമാധ്യാപകർ വാങ്ങി നൽകിയ എട്ടുദിവസത്തെ അരിയുടെ വില നൽകാത്ത സാഹചര്യത്തിൽ ഇനിയും സ്വന്തം പോക്കറ്റിൽ നിന്നും പണംനൽകി അരിവാങ്ങാൻ കഴിയില്ലെന്ന നിലപാടിലാണ് അധ്യാപക സംഘടനകൾ. എല്ലാമാസവും അഞ്ചിനുതന്നെ സ്കൂളിൽ ചെലവായ അരിയുടെ കണക്കും ആവശ്യമുള്ള അരിയുടെ അളവും ശേഖരിച്ച് വിദ്യാഭാസ ഓഫീസർമാർ ജില്ലാ സപ്ലൈ ഓഫീസർമാർക്ക് ഇൻഡന്റ് ചെയ്യും. എന്നാൽ ജൂലൈയിൽ ഒരു സ്കൂളിനും ഇതുവരെ ഒരുമണി അരി പോലും ലഭിച്ചിട്ടില്ല.
ആഴ്ചകൾക്കു മുന്പുതന്നെ വിദ്യാഭ്യസ ഓഫീസർമാർ ഈ പ്രതിസന്ധി അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലൂടെ പതിനായിരക്കണക്കിന് നിർധനരായ കുട്ടികൾക്ക് ഉച്ചഭക്ഷണവും പാൽ, മുട്ട എന്നിവയും പ്രഭാതഭക്ഷണവുമാണ് നൽകിയിരുന്നത്. ഇതു രക്ഷിതാക്കൾക്ക് ആശ്വാസവുമായിരുന്നു.ഈ പദ്ധതിയാണ് ഇപ്പോൾ കെടുകാര്യസ്ഥതയുടെ പേരിൽ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നിലച്ചാൽ പ്രധാനമായും ബാധിക്കുന്നത് ആദിവാസി മേഖലകളിലെയും തോട്ടം മേഖലകളിലെ സ്കൂളുകളെയുമാണ്. സ്കൂളിലെ ഭക്ഷണത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ധാരാളം കുട്ടികൾ തോട്ടം മേഖലകളിലും, പിന്നാക്ക മേഖലകളിലുമുണ്ട്. ഈ സാഹചര്യത്തിൽ നിലവിലെ പ്രതിസന്ധി പരിഹരിച്ച് ഉച്ചഭക്ഷണ വിതരണം കുറ്റമറ്റതാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
സ്കൂൾ ഉച്ചഭക്ഷണത്തിന്
അരി ലഭ്യമാക്കണം:
കെപിഎസ്ടിഎ
തൊടുപുഴ: സ്കൂൾ ഉച്ചഭക്ഷണത്തിന് ലഭിക്കേണ്ട അരി ലഭിക്കാത്തതിനാൽ പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിലായതായി കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. കഴിഞ്ഞ ജൂണിലും സമാന പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുട്ടികൾ കുറവുള്ള വിദ്യാലയങ്ങൾ റേഷൻ കടയിൽനിന്ന് അരി വാങ്ങിയാണ് കുട്ടികൾക്ക് ഭക്ഷണം നൽകുന്നത്. സർക്കാർ അടിയന്തരമായി ഇടപെട്ട് സ്കൂളുകൾക്ക് അരി ലഭ്യമാക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോബിൻ കളത്തിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എം നാസർ, ബിജോയ് മാത്യു, ജോർജ് ജേക്കബ്, വി.കെ.ആറ്റ്ലി,സുനിൽ ടി.തോമസ് ഷിന്റോ ജോർജ്, എം.വി.ജോർജുകുട്ടി, സജി മാത്യു എന്നിവർ പ്രസംഗിച്ചു.