അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു
1579115
Sunday, July 27, 2025 5:36 AM IST
മൂന്നാർ: മൂന്നാർ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. അണക്കെട്ടിന്റെ ക്യാച്ച്മെന്റ് ഏരിയയുടെ ഭാഗമായ പുൽമേട്ടിലാണ് കാട്ടാനകക്കുട്ടിയെ അവശനിലയിൽ കഴിഞ്ഞദിവസം കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടറെ എത്തിച്ച് കാട്ടാനക്കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും ആനയുടെ ആരോഗ്യപ്രശ്നം തിരിച്ചറിയുന്നതിനും വനം വകുപ്പ് നടപടി സ്വീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജനിച്ച കാട്ടാനക്കുഞ്ഞായിരുന്നു ഇതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, ജനിച്ചിട്ട് ഏതാനും ദിവസങ്ങളായെന്നും കുട്ടിയാന അവശനിലയിലാണെന്നും കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ രാവിലെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ ആനക്കുട്ടിയെ നിരീക്ഷിക്കാൻ ആർആർടി സംഘത്തിനു നിർദേശം നൽകി. ആനക്കുട്ടിക്ക് നടക്കാൻ കഴിയാതെ വന്നതോടെ പിടിയാനയും മറ്റൊരു മോഴയാനയുമടക്കം ഇവിടെ തന്പടിച്ചിരുന്നു. ആനകൾ ഇവിടെനിന്നു മാറിയ സമയത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ആനക്കുട്ടി അവശനിലയിലാണെന്ന് കണ്ടെത്തിയത്.