മഴക്കൂടുതലിൽ തളർന്ന് കാർഷികമേഖല
1578555
Thursday, July 24, 2025 11:21 PM IST
തൊടുപുഴ: കാലവർഷം ശക്തമായതോടെ കാർഷികമേഖല പ്രതിസന്ധിയിൽ. മേയ് അവസാനവാരം ആരംഭിച്ച മഴ ഇടതടവില്ലാതെ ഇപ്പോഴും തുടരുകയാണ്. ഇതു ജില്ലയിലെ കാർഷികമേഖലയ്ക്ക് കനത്ത തിരിച്ചടിയായി. മഴയെത്തുടർന്നു വിളകൾ അഴുകിനശിക്കുന്നതും കീടബാധ വർധിച്ചതുമാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്.
പച്ചക്കറിവിളകൾ മിക്കതും അഴുകി നശിച്ച നിലയിലാണ്. റംബുട്ടാൻ ഉൾപ്പെടെയുള്ള പല പഴവർഗങ്ങളും മഴക്കൂടുതൽ മൂലം പൊഴിഞ്ഞുവീഴുകയാണ്. ഇത്തവണ സാമാന്യം ഭേദപ്പെട്ട വേനൽമഴ ലഭിച്ചതിനാൽ റംബുട്ടാൻ ചെടികൾ നല്ല കായ്ഫലം നൽകിയിരുന്നു.
എന്നാൽ മഴ കനത്തതോടെ ഇവ പൊഴിഞ്ഞതിനാൽ നേർപകുതി പോലും വിളവ് ലഭിക്കാത്ത സാഹചര്യമാണ്. മൂപ്പെത്തി പഴുത്തു തുടങ്ങുന്പോഴേക്കും വലയിട്ട് മൂടി സംരക്ഷിക്കുകയാണ് പതിവ്. ഇത്തവണ ആയിരക്കണക്കിനു രൂപ ചെലവഴിച്ച് വല മൂടിയ തോട്ടങ്ങളിൽ പോലും കായ്പൊഴിച്ചിൽ മൂലം പകുതിപോലും വിള ലഭിക്കില്ലെന്ന് കർഷകർ പറഞ്ഞു. കൃഷി വ്യാപകമായതോടെ ചെടികൾ മൂടാൻ ഉപയോഗിക്കുന്ന വലയ്ക്കും സമീപനാളിൽ വലിയ ക്ഷാമമാണ്.
നേരത്തെ കിലോയ്ക്ക് 300-350 രൂപ തോതിൽ ലഭിച്ചിരുന്നതിന് ഇപ്പോൾ 400 രൂപയ്ക്കു മുകളിൽ നൽകണം. ഉത്പാദിപ്പിക്കുന്ന റംബുട്ടാന്റെ ഭൂരിഭാഗവും വിദേശ വിപണികളിലേക്ക് കയറ്റി അയയ്ക്കുകയാണ്. അതിനാൽ ആഭ്യന്തര വിപണിവിലയിലെ ഏറ്റക്കുറച്ചിലുകൾ കൃഷിയെ കാര്യമായി ബാധിക്കാറില്ല.
കഴിഞ്ഞ സീസണിൽ ചൂട് കൂടിയതിനെത്തുടർന്നും കായ്പൊഴിച്ചിൽ വ്യാപകമായിരുന്നു. ഇത്തവണ വേനൽമഴ ലഭിച്ചതിനാൽ ചൂട് കാര്യമായി വർധിച്ചില്ല. ഇത് കൃഷിക്ക് അനുകൂലമായി മാറുമെന്ന പ്രതീക്ഷയിലിരിക്കുന്പോഴാണ് കാലവർഷം പ്രഹരമേൽപ്പിച്ചത്.
അഴുകൽരോഗം വ്യാപകമായതോടെ കൊക്കോ കർഷകർക്കും തിരിച്ചടിയായിരിക്കുകയാണ്. മൂപ്പെത്തുന്നതിനു മുന്പുതന്നെ കായകളിൽ അഴുകൽ രോഗം പിടിപെട്ട് വിളവെടുക്കാനാകാതെ നശിക്കുകയാണ്. വിലയും ഗണ്യമായി കുറഞ്ഞു.
നിലവിൽ വിപണിയിലെത്തുന്ന പച്ചക്കായയ്ക്ക് ഗുണനിലവാരം പോരെന്ന കാരണം നിരത്തി കന്പനികൾ വില കുറച്ചിരിക്കുകയാണ്. കിലോയ്ക്ക് 75-85 തോതിലാണ് ലോറേഞ്ച് പ്രദേശങ്ങളിൽ വില. ഹൈറേഞ്ച് മേഖലയിൽ വില 100 രൂപയ്ക്കുമുകളിലാണ്. ഉണക്ക കൊക്കോയ്ക്കും വിലയിൽ ഏറ്റക്കുറച്ചിലുണ്ട്. നിലവിൽ 360-380 രൂപയാണ് തൊടുപുഴ മേഖലയിലെ വില. ഹൈറേഞ്ചിൽ 400നു മുകളിലാണ് വില.
പയർ, വെണ്ട, പാവൽ, വഴുതന, ചീര തുടങ്ങിയ പച്ചക്കറികളും മഴക്കൂടുതൽ മൂലം അഴുകി നശിക്കുകയാണ്. കീടബാധയും കൂന്പ് ചീയലും മൂലം കൃഷി നശിക്കുന്ന സ്ഥിതിയാണ്. ഇതിനാൽ ആഭ്യന്തര വിപണയിൽ പച്ചക്കറികളുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
വിഎഫ്പിസികെയുടേതുൾപ്പെടെയുള്ള കാർഷിക വിപണികളിൽ നാമമാത്രമായ പച്ചക്കറികൾ മാത്രമാണ് ഇപ്പോൾ എത്തുന്നത്. ഇത്തവണ കാലവർഷത്തോടൊപ്പം വീശിയടിച്ച കാറ്റിൽ വാഴകൃഷിക്കും കാര്യമായ നാശം സംഭവിച്ചിരുന്നു. ഇതുമൂലം നിലവിൽ വാഴക്കുലകൾക്ക് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
പാളയം കോടൻ 40-50, ഞാലിപ്പൂവൻ-60-70, റോബസ്റ്റ്-30, നേന്ത്രൻ 65-70, പൂവൻ-40 എന്നിങ്ങനെയാണ് വാഴപ്പഴങ്ങളുടെ വിപണിവില. ഓണം അടുക്കുന്നതോടെ ഇത്തവണ പച്ചക്കറികൾക്കും വാഴപ്പഴങ്ങൾക്കും വില വർധിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇതേ നില തുടർന്നാൽ ഇത്തവണ ഓണം വിപണി കൈപൊള്ളിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.