ശക്തമായ കാറ്റിൽ വൻ മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു
1578799
Friday, July 25, 2025 11:40 PM IST
രാജാക്കാട്: മുല്ലക്കാനത്ത് കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ വലിയ വേങ്ങ മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. മുകളേൽ ബെറ്റി സാബുവിന്റെ വീടാണ് തകർന്നത്. ഭർത്താവ് മരണപ്പെട്ട ബെറ്റിയും വിദ്യാർഥിനികളായ രണ്ടു പെൺമക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. രാത്രി 12ന് ഉണ്ടായ കനത്ത കാറ്റിലാണ് സമീപവാസിയുടെ പുരയിടത്തിൽ 30 മീറ്ററോളം അകലെനിന്നിരുന്ന 100 ഇഞ്ച് വലിപ്പമുള്ള വേങ്ങമരം കടപുഴകി വീണത്.
മരം വീണപ്പോൾ സമീപത്തുള്ള പ്ലാവും സിൽവർ ഓക്ക് മരങ്ങളും ഒടിഞ്ഞുവീണു. രണ്ടു കിടപ്പുമുറികളുടെയും ബാത്ത്റൂമിന്റെയും മേൽക്കൂരയിലെ ഷീറ്റുകൾ തകർന്നു. ആളപായം ഉണ്ടായില്ല. മുറ്റത്തെ മഴവെള്ള സംഭരണിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പഞ്ചായത്ത് മെംബറും വില്ലേജ് ഉദ്യേഗസ്ഥരും പൊതുപ്രവർത്തകരും വീട്ടിലെത്തി മരങ്ങൾ മുറിച്ചു മാറ്റി ഷീറ്റ് വാങ്ങി ഇടുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു.
രാജാക്കാട് അടിവാരം റോഡിൽ തേജസ് ഏലം ഡ്രയറിന് സമീപം തെങ്ങ് ഒടിഞ്ഞ് റോഡിലേക്കു വീണ് 11 കെ.വി. ലൈനുകൾ പൊട്ടുകയും പോസ്റ്റ് ഒടിയുകയും ചെയ്തതുമൂലം ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പുലർച്ചെ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഉച്ചയോടുകൂടിയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. മേഖലയിൽ പല സ്ഥലത്തും കനത്ത കാറ്റിൽ മരങ്ങളും, ചില്ലകളും ഒടിഞ്ഞു വീണിട്ടുണ്ട്.