കാട്ടാനക്കലിയിൽ വിറച്ച് മുള്ളരിങ്ങാട്
1578795
Friday, July 25, 2025 11:40 PM IST
തൊടുപുഴ: കാട്ടാന ആക്രമണത്തിന്റെ ഭീതി ഒഴിയാതെ മുള്ളരിങ്ങാട്. വെള്ളിയാഴ്ച വൈകുന്നേരം മേഖലയിൽ എത്തിയ ഒറ്റയാൻ പ്രദേശവാസികളെ ആശങ്കയുടെ മുൾമുനയിൽ നിർത്തി. ആനയെ ജനവാസ മേഖലയിൽനിന്ന് തുരത്തുന്നതിനിടെ വനംവകുപ്പിന്റെ താത്കാലിക വാച്ചർക്കു പരിക്കേറ്റു. വർഷങ്ങളായുള്ള കാട്ടാനയുടെ ആക്രമണമാണ് ഇവിടെ തുടരുന്നത്.
ഏതാനും മാസങ്ങൾക്കു മുന്പ് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന്റെ ജീവൻ പൊലിഞ്ഞ മുള്ളരിങ്ങാട് അമയൽതൊട്ടിക്കു സമീപമാണ് വീണ്ടും കാട്ടാനയെത്തിയത്. കാട്ടാനകൾ കൂട്ടമായും ഒറ്റയ്ക്കുമാണ് പതിവായി എത്തുന്നത്. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് അമയൽതൊട്ടി മുസ്ലിം പള്ളിക്ക് സമീപം ഒറ്റയാൻ എത്തിയത്. നാട്ടുകാരും താത്കാലിക വാച്ചർമാരും ചേർന്ന് ജനവാസ മേഖലയിലേക്ക് കടന്ന കാട്ടാനയെ തുരത്താൻ ശ്രമിച്ചു. ഇതിനിടെ ആന ജനങ്ങൾക്ക് നേരേ പാഞ്ഞടുത്തു. ആനയുടെ ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വാച്ചർ സാജു വീണത്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി.
കൃഷിയിടങ്ങളിലേക്ക് കടന്ന കാട്ടാന വലിയ നാശനഷ്ടമുണ്ടാക്കി. വനാതിർത്തിയിൽ സ്ഥാപിച്ച ഫെൻസിംഗ് കാട്ടാന തകർത്തെറിഞ്ഞു. നാട്ടുകാരും താത്കാലിക വാച്ചർമാരും നടത്തിയ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ വനത്തിലേക്ക് തുരത്താനായത്. ഉൾക്കാട്ടിലേക്ക് പോകാതെ ജനവാസ മേഖലയ്ക്കു സമീപം നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന. സംഭവമറിഞ്ഞ് കാളിയാർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു. കാട്ടാന എത്തിയതിനെത്തുടർന്ന് മുള്ളരിങ്ങാട് ചുള്ളിക്കണ്ടം ഫോറസ്റ്റ് ഓഫീസിൽ ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധവുമായെത്തി.
നീറുന്ന വേദനയായി അമർ ഇബ്രാഹിം
കഴിഞ്ഞ ഡിസംബർ 29നാണ് അമയൽതൊട്ടിയിൽ അമർ ഇബ്രാഹിം എന്ന യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവം വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ഇതോടെ പി.ജെ. ജോസഫ് എംഎൽഎയും ഡീൻ കുര്യാക്കോസ് എംപിയും ഫെൻസിംഗിനായി ഫണ്ട് അനുവദിച്ചു. എന്നാൽ ഇതുപയോഗിച്ച് ജനവാസ മേഖലയിൽ പൂർണമായി ഫെൻസിംഗ് സ്ഥാപിക്കാനാവില്ല. ഇതിനിടെ കളക്ടറേറ്റിൽനിന്ന് നൽകുമെന്ന് അറിയിച്ച ഫണ്ട് ലഭിച്ചുമില്ല. പ്രദേശത്ത് അഞ്ച് കാട്ടാനകളെ വരെ പതിവായി കാണാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു ജീവൻ പൊലിഞ്ഞിട്ട് മാസങ്ങളായിട്ടും കാട്ടാന ശല്യം പൂർണമായി പ്രതിരോധിക്കാനാവാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ജോയി രക്ഷപ്പെട്ടത്
തലനാരിഴയ്ക്ക്
ഏതാനും ദിവസം മുന്പ് കാട്ടാനയുടെ മുന്നിൽപ്പെട്ട വ്യാപാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മുള്ളരിങ്ങാട് കൂറ്റപ്പിള്ളിൽ ജോയിയാണ് ആനയുടെ മുന്നിൽനിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ഒന്നിനായിരുന്നു സംഭവം. വലിയ കണ്ടംചാലിൽ ബേക്കറിയും ചായക്കടയും നടത്തുന്ന ജോയി കടയിലേക്ക് പോകാനായി വീട്ടിൽനിന്ന് ബൈക്കിൽ വരുന്നതിനിടെ കാട്ടാന തൊട്ടടുത്ത പുരയിടത്തിൽനിന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ആന തൊട്ടു മുന്നിലെത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച് ജോയി ഓടി രക്ഷപ്പെടുകയായിരുന്നു.
ദുരിതം തുടങ്ങിയിട്ട്
വർഷങ്ങൾ
മൂന്ന് വർഷത്തിലേറെയായി ഈ പ്രദേശത്ത് കാട്ടാനകളുടെ നിരന്തര ശല്യം തുടങ്ങിയിട്ട്. ജനവാസ മേഖലകളിൽ വിഹരിക്കുന്ന കാട്ടാനകൾ കൃഷിയിടത്തിലിറങ്ങി വിളകൾ ചവിട്ടിമെതിക്കുകയാണ്. കർഷകർ പടക്കം പൊട്ടിച്ചും തീ കൂട്ടിയും ഓടിക്കുന്പോൾ ഉൾവനത്തിലേക്ക് പോകുമെങ്കിലും. താമസിയാതെ തിരിച്ചെത്തും. അമയൽതൊട്ടി പ്രദേശത്ത് 150 കുടുംബങ്ങളുണ്ട്. ഭൂരിഭാഗവും കൃഷിക്കാരും കൂലിപ്പണിക്കാരുമാണ്. വനത്തിന് അരികിലുള്ള റോഡിന് അരക്കിലോമീറ്റർ മാറി പുഴയൊഴുകുന്നുണ്ട്. ഇതു കടന്നാണ് കാട്ടാനകളെത്തുന്നത്. കോതമംഗലം ഫോറസ്റ്റ് ഡിവിഷൻ പരിധിയിലാണ് മുള്ളരിങ്ങാട് വനമേഖല.