കരിന്പൻ ടൗണിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു
1578554
Thursday, July 24, 2025 11:21 PM IST
ചെറുതോണി: കരിമ്പൻ ടൗണിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കരിമ്പൻ സ്വദേശികളായ രഞ്ജു(40), റുഖിയ(68), സൂരജ്(19), തോപ്രാംകുടി സ്വദേശി പ്രഭാകരൻ(76), മരിയാപുരം സ്വദേശി ലിന്റെ (31) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നാണ് സംഭവം. ടൗണിലൂടെ അലഞ്ഞു നടന്നിരുന്ന തെരുവുനായ വ്യാപാരിയെയും വഴിയാത്രക്കാരെയും ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ഇവരുടെ ശരീരത്തിൽ മാരകമായ മുറിവുണ്ടായിട്ടുണ്ട്. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ നായയെ തല്ലിക്കൊല്ലുകയായിരുന്നു. ഹൈറേഞ്ചിലെ ഒട്ടുമിക്ക ടൗണുകളിലും തെരുവ് നായ്ക്കളാൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കയാണ്.
ഇടുക്കി മെഡിക്കൽ കോളജാശുപത്രി പരിസരത്തും കളക്ടറേറ്റിന് സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. റോഡരുകിൽ പൊതുജനങ്ങൾ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾക്കായി കലഹിക്കുന്ന തെരുവുനായകൾ വഴിയാത്രക്കാർക്ക് വലിയ ശല്യമാണ് ഉണ്ടാക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും കാൽ നടയാത്രികരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.
പലയിടങ്ങളിൽ നിന്നായി പിടിച്ചു കൊണ്ടുവന്ന് വന്ധ്യംകരണം നടത്തിയശേഷം ടൗണുകളിൽ ഇവറ്റകളെ ഉപേക്ഷിക്കുന്നതായും ആക്ഷേപമുണ്ട്. ശല്യക്കാരായ തെരുവുനായ്ക്കളെ ഷെൽട്ടർ ഹോമിൽ പാർപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നാണ് പൊതുജനങ്ങൾ ആവശ്യപ്പടുന്നത്.