ഓലിയിട്ട് കുറുനരിക്കൂട്ടങ്ങൾ; ആക്രമണത്തിൽ വലഞ്ഞ് ജനങ്ങൾ
1578797
Friday, July 25, 2025 11:40 PM IST
കുമാരമംഗലം: പഞ്ചായത്തിൽ കുറുനരി ശല്യം വ്യാപകം. പഞ്ചായത്തിലെ ആറ്, 12 വാർഡുകളിൽ യുവാവിനെയും നാല് പശുക്കളെയും കുറുനരി ആക്രമിച്ചു. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ജീവനക്കാരനായ കാഞ്ഞിരക്കാട്ട് ശ്രീജേഷി (34) നെയാണ് കുറുനരി ആക്രമിച്ചത്.
കാലിനു പരിക്കേറ്റ ശ്രീജേഷ് ആശുപത്രിയിൽ ചികിത്സതേടി പ്രതിരോധ കുത്തിവയ്പ് എടുത്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ ശ്രീകുമാറിന്റെ വീട്ടുമുറ്റത്താണ് കുറുനരി ആദ്യം എത്തിയത്.
മുറ്റത്ത് നിൽക്കുകയായിരുന്ന ശ്രീജേഷിനെ ആക്രമിച്ച ശേഷം സഹോദരൻ സജിയുടെ വീട്ടിലെത്തി രണ്ട് പശുക്കളേയും ആക്രമിച്ചു.
പിന്നീട് കുടിയിരുപ്പിൽ പവിത്രന്റെ വീട്ടിലെ പശുക്കളേയും കടിച്ചു പരിക്കേൽപ്പിച്ചു. ഒരു വർഷത്തോളമായി പ്രദേശത്ത് കുറുനരി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
പുലർച്ചെയും സന്ധ്യാ നേരങ്ങളിലും ഇവ കൂട്ടത്തോടെ ഓലിയിട്ട് ഭീതി വിതക്കും. ആ സമയത്ത് കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞു.
കുറുനരി ശല്യം നിയന്ത്രിക്കണമെന്ന് അവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, വൈസ് പ്രസിഡന്റ് സിബിൻ വർഗീസ്, അംഗങ്ങളായ സാജൻ ചിമ്മിനിക്കാട്ട്, ഷെമീന നാസർ, ലൈല കരീം, സജി ചെന്പകശേരി എന്നിവർ റേഞ്ച് ഓഫീസർ സിജോ സാമുവലിന് പരാതി നൽകി.