മറയൂരിൽ അച്ഛനെ കൊലപ്പെടുത്താൻ ശ്രമം
1579111
Sunday, July 27, 2025 5:36 AM IST
മറയൂർ: പട്ടം കോളനിയിൽ അച്ഛനെ കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം. രാധാഭവൻ വീട്ടിൽ 25ന് രാവിലെ 11.25നാണ് സംഭവം. മകൻ രാജേഷ് എന്ന ലാലു (36) തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതായി രാജൻ പരാതി നൽകി.
സ്ഥിരമായി മദ്യപിച്ച് കുടുംബം ശ്രദ്ധിക്കാതെ നടക്കുന്ന രാജേഷിനെ അച്ഛൻ രാജൻ ചോദ്യം ചെയ്തതാണ് സംഭവത്തിനു കാരണമായത്. രാജേഷ് വീടിന്റെ ടെറസിൽവച്ച് ഇഷ്ടിക എടുത്ത് രാജന്റെ ഇടതുനെറ്റിയിൽ എറിഞ്ഞു. ഇതേത്തുടർന്ന് മുറിവേറ്റ് നിലത്തുവീണ രാജന്റെ തലയുടെ പിറകിൽ ചതവും സംഭവിച്ചു.
തുടർന്ന് രാജേഷ് ടെറസിൽക്കിടന്ന കട്ടിയുള്ള ഇരുന്പുകഷണം ഉപയോഗിച്ച് രാജന്റെ മുഖത്ത് രണ്ടുതവണ അടിക്കുകയും ചെയ്തതായി പറയുന്നു. രാജന്റെ ഇടതു കണ്ണിനു താഴെയും നെറ്റിയിലും ഗുരുതരമായ മുറിവുകളുണ്ടായി. രാജേഷിനെ മറയൂർ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.