കാട്ടാനകളെ തുരത്താൻ പദ്ധതി തയാറാക്കും: ഡിഎഫ്ഒ
1578796
Friday, July 25, 2025 11:40 PM IST
തൊടുപുഴ: മുള്ളരിങ്ങാട് മേഖലയിൽനിന്ന് കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള പദ്ധതി വനംവകുപ്പ് ആവിഷ്കരിച്ചുവരികയാണെന്ന് കോതമംഗലം ഡിഎഫ്ഒ സൂരജ് ബെൻ പറഞ്ഞു. നിലവിൽ എട്ടു കിലോമീറ്ററോളം ഫെൻസിംഗ് ഇവിടെയുണ്ട്.
ബാക്കിയുള്ള മേഖലയിൽ ഫെൻസിംഗ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിനു പുറമേ വയനാട്ടിൽ പരീക്ഷിച്ച് വിജയിച്ച എഐ ഫെൻസിംഗ് സംവിധാനം ഇവിടെ ഏർപ്പെടുത്തുന്ന കാര്യവും ആലോചനയിലാണ്. ഇതിലുള്ള എഐ കാമറയിലൂടെ ആനകളുടെ നീക്കം നിരീക്ഷിച്ച് ഉൾക്കാട്ടിലേക്ക് തുരത്താൻ കഴിയുന്ന സംവിധാനമാണിത്.
മൂന്നാഴ്ച പ്രായമുള്ള കുട്ടിയാന ഒപ്പമുള്ളതിനാലാണ് ഇവിടെനിന്ന് കാട്ടാനകൾ ഉൾക്കാട്ടിലേക്കു പോകാതെ തന്പടിക്കാൻ കാരണം. കുട്ടിയാനയുണ്ടെങ്കിൽ ആനകൾ അധികം ദൂരം സഞ്ചരിക്കാറില്ല. അതിനാൽ ഇപ്പോൾ ആനകളെ ഉൾക്കാട്ടിലേക്കു തുരത്തുക പ്രായോഗികമല്ല. പിന്നീട് കുങ്കിയാനകളെ ഉപയോഗിച്ച് ആനകളെ തുരത്താനുള്ള പദ്ധതി നടപ്പാക്കാനാണ് വനംവകുപ്പ് ആലോചിക്കുന്നത്.
നിലവിൽ ആർആർടി ടീമിനേയും വനംവകുപ്പ് വാച്ചർമാരേയും ഉപയോഗിച്ച് ആനകളെ ജനവാസ മേഖലയിൽനിന്ന് തുരത്താൻ റേഞ്ച് ഓഫീസർമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.