മഴക്കെടുതിയിൽ മരണം നാലായി
1579119
Sunday, July 27, 2025 5:36 AM IST
തൊടുപുഴ: കനത്ത മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കനത്ത നാശം. മണ്ണിടിഞ്ഞും മരം കടപുഴകിയും ഒടിഞ്ഞു വീണും വ്യാപകമായ കെടുതികളാണ് ജില്ലയിൽ ഉണ്ടായത്. ഇന്നലെ അതി തീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു.
മേയ് മുതൽ ഇതുവരെ കാലവർഷക്കെടുതികളിൽ നാലു പേരുടെ ജീവൻ പൊലിഞ്ഞു. ഇന്നലെ ഉടുന്പൻചോലയിൽ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. തമിഴ്നാട് തേനി ഉത്തമപാളയം തേവാരം തമ്മിനടയൂംപെട്ടി സ്വദേശി ലീലാവതിയാണ് മരിച്ചത് . ഭക്ഷണം കഴിച്ച ശേഷം തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.
കഴിഞ്ഞ ഒരാഴ്ചയായി ജില്ലയുടെ എല്ലാ ഭാഗങ്ങളിലും കനത്ത കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ ദേവികുളം താലൂക്കിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്. 93.8 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. പീരുമേട് - 77.3 , തൊടുപുഴ -75.4, ഇടുക്കി - 61.4, ഉടുന്പൻചോല -45 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽ പെയ്ത മഴ.
കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ മൂന്നാർ പോലീസ് സ്റ്റേഷനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. ഇന്നലെ രാവിലെയായിരുന്നു സംഭവം. മൂന്നാർ മേഖലയിൽ കനത്ത മഴ തുടരുകയാണ്. മൂന്നാർ ഗ്യാപ് റോഡിൽ ഇന്നലെ മുതൽ രാത്രികാല യാത്രയും പാതയോരത്തെ വാഹനങ്ങളുടെ പാർക്കിംഗും നിരോധിച്ചു.
കുമളി - മൂന്നാർ സംസ്ഥാന പാതയിലും നെടുങ്കണ്ടം - കന്പം അന്തർ സംസ്ഥാന പാതയിലും മണ്ണിടിച്ചിൽ ഉണ്ടായി. സംസ്ഥാന പാതയിൽ നെടുങ്കണ്ടം, കൽകൂന്തൽ, ചതുരംഗപ്പാറ, പാന്പാടുംപാറ എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മരം വീണ് കല്ലാർകുട്ടി - മൈലാടുംപാറ റോഡിലും ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും ശക്തമായിട്ടുണ്ട്. കല്ലാർകുട്ടി, പൊൻമുടി, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്ന നിലയിലാണ്. തൊമ്മൻകുത്ത് പുഴ കരകവിഞ്ഞൊഴുകി സമീപത്തെ വീടുകളിലും കുരിശുപള്ളിയിലും വെള്ളം കയറി. തൊടുപുഴ - തൊമ്മൻകുത്ത് റോഡിലെ ചപ്പാത്ത് പൂർണമായും വെള്ളത്തിനടിയിലായി. ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. ദേവിയാർ പുഴയും കരകവിഞ്ഞൊഴുകി. വാളറ - കുളമാംകുഴി ഉന്നതി പാലത്തിലും വെള്ളം കയറി. കൊന്നത്തടി - വെള്ളത്തൂവൽ റോഡിലേക്കു മണ്ണിടിഞ്ഞ് വീണു.
ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ട നിലയിലാണ്. വെള്ളിയാമറ്റത്ത് മഴവെള്ളപ്പാച്ചിലിൽ ബൈക്ക് ഒലിച്ചുപോയി. വെള്ളിയാമറ്റം പതിക്കമല തോട്ടിലാണ് സംഭവം. അപ്രതീക്ഷിതമായുണ്ടായ മഴ വെള്ളപ്പാച്ചിലിൽ ബൈക്ക് അകപ്പെടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കരിങ്കുന്നം മഞ്ഞക്കടന്പ് ഭാഗത്ത് നിയന്ത്രണംവിട്ട് റോഡിൽനിന്നു തെന്നിമാറിയ ജീപ്പ് തോട്ടിലേക്കു പതിച്ചെങ്കിലും ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. മുണ്ടിയെരുമ ആദിയാർപുരം കാഞ്ഞിരത്തുംമൂട് റോഡിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റുകൾ നിലം പതിച്ചു. കഴിഞ്ഞ ദിവസം ഈ പാതയിൽ നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞ് വീണ് വീടുകൾ അപകടാവസ്ഥയിലായിരുന്നു.
കല്ലാർകുട്ടി - വെള്ളത്തൂവൽ റോഡിൽ വെള്ളത്തൂവൽ യാക്കോബായ പള്ളിക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞും ഗതാഗത തടസമുണ്ടായി. മണ്ണു നീക്കി പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു. മുതുവാൻകുടി - വെള്ളത്തൂവൽ റോഡിൽ വെള്ളത്തൂവൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം റോഡിലേക്ക് മുളങ്കൂട്ടം പതിച്ച് വാഹന ഗതാഗതം മുടങ്ങി. ദേശീയപാത - 85ൽ വാളറയ്ക്കു സമീപം മണ്ണിടിഞ്ഞെങ്കിലും ഗതാഗത തടസമുണ്ടായില്ല.
ആംബുലൻസ് അപകടത്തിൽപ്പെട്ടു
കുളമാവ് : രോഗിയുമായി വന്ന ആംബുലൻസ് റോഡിൽ നിന്നും തെന്നിമാറി തിട്ടയിലിടിച്ചു. തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ കുളമാവ് നാടുകാണിക്കു സമീപം അയ്യകാട് ഭാഗത്താണ് അപകടം. അപകടത്തിൽ ആംബുലൻസ് ഡ്രൈവറിന് പരിക്കേറ്റു. വാഹനത്തിൽ ഉണ്ടായിരുന്ന രോഗിയെയും പരിക്കേറ്റ ഡ്രൈവറെയും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന ഇരുപതേക്കർ ഗവ.ആശുപത്രിയിൽനിന്നു രോഗിയുമായി വന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
ശക്തമായ മഴയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
കട്ടപ്പന: നരിയമ്പാറ എട്ടിയില്പ്പടി കാഞ്ചിയാര്‍ റോഡില്‍ ഉദയപുരത്തിനു സമീപം ശക്തമായ മഴയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. കാഞ്ചിയാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കാണക്കാലില്‍ ബൈജുവിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് ശനിയാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത മഴയില്‍ ഇടിഞ്ഞത്.
വീടിന്റെ സംരക്ഷണഭിത്തി കെട്ടി നല്‍കണമെന്നാവശ്യപ്പെട്ട് നിരവധിതവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാതെ വന്നതോടെ ബൈജു സ്വന്തമായി കെട്ടിയ കല്‍ക്കെട്ടാണ് തകര്‍ന്നത്. 20 അടി നീളമുള്ള കല്‍ക്കെട്ടിന്റെ ബാക്കി ഭാഗവും അപകടഭീഷണി ഉയര്‍ത്തിയാണ് നില്‍ക്കുന്നത്. കൂലിപ്പണി ചെയ്തു കുടുംബം പുലര്‍ത്തുന്ന ബൈജുവിന് ഇനിയും കല്‍ക്കെട്ട് നിര്‍മിക്കുകയെന്നത് അസാധ്യമാണ്. അധികൃതരുടെ ഭാഗത്തുനിന്നു വീടിന്റെ സംരക്ഷണഭിത്തി കെട്ടിനല്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
മലവെള്ളപ്പാച്ചിലിൽ ബൈക്ക് ഒഴുകിപ്പോയി
വെള്ളിയാമറ്റം: മലവെള്ളപ്പാച്ചിലിൽ ബൈക്ക് ഒഴുകിപ്പോയി. ഇന്നലെ പെയ്ത കനത്ത മഴയിൽ വെള്ളിയാമറ്റം മുണ്ടയ്ക്കൽ പതിക്കമല ചപ്പാത്തിൽ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പാച്ചിലിൽ ചപ്പാത്ത് കടക്കുന്നതിനിടെ യുവാവിന്റെ ബൈക്ക് ഒഴുക്കിൽപ്പെടുകയായിരുന്നു.

കാഞ്ഞിരത്തുങ്കൽ നികേഷി(20) ന്റെ ബൈക്കാണ് ഒഴുക്കിൽപ്പെട്ടത്. നികേഷ് കോളജിൽ പോയി വരുന്പോഴാണ് അപകടം. നികേഷ് ചാടി രക്ഷപ്പെട്ടെങ്കിലും ബൈക്ക് തോട്ടിലൂടെ ഒഴുകിപ്പോയി. നാട്ടുകാരിൽ ചിലർ കയർ കെട്ടിയാണ് ബൈക്ക് തടഞ്ഞുനിർത്തിയത്.
ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുട്ടം: തൊടുപുഴ-മൂലമറ്റം റോഡിൽ മ്രാലയ്ക്ക് സമീപം റോഡരികിൽനിന്ന വൻ മരം കടപുഴകി വീണു. റോഡിലൂടെ വരികയായിരുന്ന കോടിക്കുളം സ്വദേശി മനോജിന്റെ ബൈക്കിന് മുകളിലേക്കാണ് മരം വീണത്. മരത്തിന്റെ വലിയഭാഗം ദേഹത്ത് പതിക്കാതിരുന്നതിനാൽ മനോജ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.
മരം റോഡിലേക്ക് വീണതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. അഗ്നിരക്ഷാ സേന എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗത തടസം നീക്കിയത്. പരിക്കേറ്റ മനോജിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.