സ്വത്തു തർക്കം; അനുജൻ ജ്യേഷ്ഠനെയും ഭാര്യയെയും വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു
1578803
Friday, July 25, 2025 11:40 PM IST
നെടുങ്കണ്ടം: സ്വത്തു തർക്കത്തിന്റെ പേരിൽ ചെമ്മണ്ണാറില്‍ അനുജൻ ജ്യേഷ്ഠനെയും ഭാര്യയെയും വീട്ടിൽ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. പ്രതി അറസ്റ്റില്‍. ചെമ്മണ്ണാര്‍ വലിയപറമ്പില്‍ സണ്ണി (58), ഭാര്യ സിനി(48) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രതി ചെമ്മണ്ണാര്‍ വലിയപറമ്പില്‍ ബിനോയി (56) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ 7.45ന് ബിനോയി, ദമ്പതികളെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റവരെ ഉടന്‍തന്നെ നാട്ടുകാര്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ ബിനോയിയെ വട്ടപ്പാറയിലുള്ള വീടിനു സമീപത്തുനിന്ന് ഉടുമ്പന്‍ചോല പോലീസ് പിടികൂടുകയായിരുന്നു.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പൂര്‍വ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 2023ല്‍ സിനിയെ ബിനോയി വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിനു ശേഷം അതേ വര്‍ഷം സണ്ണിയും സിനിയുടെ സഹോദരനും ചേര്‍ന്ന് ബിനോയിയെയും വെട്ടിപരിക്കേല്പ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.