റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് വന്മരം ഒടിഞ്ഞുവീണു
1578798
Friday, July 25, 2025 11:40 PM IST
നെടുങ്കണ്ടം: ശക്തമായ കാറ്റില്‍ നെടുങ്കണ്ടത്തിനു സമീപം ചെമ്പകക്കുഴിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് വന്മരം ഒടിഞ്ഞുവീണു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കുമളി - മൂന്നാര്‍ ഹൈവേയിലാണ് അപകടം. പ്രദേശവാസിയായ എഴുന്നൂറ്റിമലയില് റിജോയുടെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറിലേക്ക് റോഡിന് മുകളില്‍നിന്നിരുന്ന വന്‍ വട്ടമരം ഒടിഞ്ഞുവീഴുകയായിരുന്നു.
വട്ടമരത്തോടൊപ്പം സമീപത്തുനിന്നിരുന്ന മാവിന്റെയും കൊന്നമരത്തിന്റെയും ശിഖരങ്ങളും കാറിന് മുകളിലേക്ക് വീണു. വീട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതിരുന്നതിനാല്‍ ഇവര്‍ വാഹനം റോഡരികിലാണ് പാര്‍ക്ക് ചെയ്യുന്നത്.
അപകടത്തില്‍ കാറിന്റെ മുന്‍വശവും ഗ്ലാസും തകര്‍ന്നു. ഫയർ ഫോഴ്സില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരവും ശിഖരങ്ങളും മുറിച്ചുമാറ്റി കാര്‍ പുറത്തെടുത്തു.
അപകട സമയത്ത് റോഡിലൂടെ മറ്റ് വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.