ഫാ. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍ വിശ്വാസീമനസുകളിലെ മായാമുദ്ര
1578051
Wednesday, July 23, 2025 12:05 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ മുതിര്‍ന്ന വൈദികനും മുന്‍ വികാരിജനറാളുമായിരുന്ന ഇന്നലെ അന്തരിച്ച ഫാ. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍ (85) ഇടപെട്ടിട്ടുള്ള ആളുകളുടെ മനസുകളിലെ മായാത്തമുഖമാണ്. പുഞ്ചിരിക്കുന്ന മുഖവും സൗമ്യമായ ഇടപെടലും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതയായിരുന്നു.
വേര്‍തിരിവുകളില്ലാതെ എല്ലാവരെയും സ്നേഹിച്ച ഈ വൈദികന് അതിരൂപതാ നേതൃത്വം ഏല്പിച്ച ശുശ്രൂഷകള്‍ കരുതലോടും ഉത്തരവാദിത്വത്തോടെയും നിറവേറ്റുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തി. 2007 മുതല്‍ 2012വരെ ഫാ. കുറിഞ്ഞിപ്പറമ്പില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനൊപ്പം മുഖ്യവികാരിജനറാളായി പ്രവര്‍ത്തിച്ചു. ഏറെവര്‍ഷങ്ങള്‍ അദ്ദേഹം രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചു.
1940 ഒക്ടോബര്‍ 15ന് ഇത്തിത്താനം കുറിഞ്ഞിപ്പറമ്പില്‍ മാത്യു കുര്യന്-മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1967 മാര്‍ച്ച് 13ന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു കാവുകാട്ടില്നിന്നും പൗരോഹിത്യം സ്വീകരിച്ച കുറിഞ്ഞിപ്പറമ്പിലച്ചന്റെ ആദ്യനിയമനം കട്ടപ്പന ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായാണ്. റോഡ്, വാഹന സൗകര്യങ്ങള്‍ അപര്യാപ്തമായിരുന്ന അക്കാലത്ത് ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ് ഹൈറേഞ്ചില്‍ ശുശ്രൂഷ ചെയ്തത്. കട്ടപ്പന, വലിയതോവാള പള്ളികൾ ഹൈറേഞ്ചിൽ അദ്ദേഹം പണിയിച്ചു.
തുടര്‍ന്ന് മുട്ടാര്ന്യു, കിളിരൂര്‍, വെരൂര്‍, വായ്പൂര് ന്യു പള്ളികളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. വായ്പുർ ന്യു പള്ളി അദ്ദേഹമാണ് സ്ഥാപിച്ചത്. അമ്പൂരി ഫൊറോന പള്ളി വികാരിയായിരിക്കേ രാജാക്കൂട്ട്, അന്ത്യമുഖം പള്ളികൾ അദ്ദേഹം സ്ഥാപിച്ചു. കൂടാതെ അവിടത്തെ ജനങ്ങളുടെ ആശ്രയമായിരുന്ന ജിഎസ് ആശുപത്രിയുടെ ഉന്നമനത്തിനായും പ്രവര്‍ത്തിച്ചു.
ആര്യങ്കാവ് പള്ളിയും കുറിഞ്ഞിപ്പറന്പിലച്ചനാണ് പണിതത്. ആര്യങ്കാവില്‍ ശുശ്രൂഷ ചെയ്യുന്ന കാലത്താണ് ആ പ്രദേശത്ത് വലിയൊരു ഉരുള്‍പൊട്ടലുണ്ടായത്. കുറിഞ്ഞിപ്പറമ്പിലച്ചന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിറങ്ങിയത് നാടിന് ഏറെ ആശ്വാസമായി. തിരുവനന്തപുരം ഫൊറോന പള്ളി, തൃക്കൊടിത്താനം ഫൊറോന പള്ളികളുടെ നിര്‍മാണം നടന്നതും കുറിഞ്ഞിപ്പറമ്പിലച്ചന് വികാരിയായിരിക്കേയാണ്.
തിരുവനന്തപുരം ഫൊറോന വികാരിയായിരിക്കേ പേരൂർക്കട, തിരുമല, കേശവദാസപുരം, കണ്ണമ്മൂല കുരിശുപള്ളികൾ അദ്ദേഹം സ്ഥാപിച്ചു. തിരുവനന്തപുരം കുറ്റിച്ചലിലുള്ള ലൂർദ് എൻജിനിയറിംഗ് കോളജിന്റെ സ്ഥാപനത്തിന് നേതൃത്വം നൽകിയതും ഫാ. ജോസഫ് കുറിഞ്ഞിപ്പറന്പിലാണ്. കോളജ് കാന്പസിലെ പള്ളിയും അദ്ദേഹമാണ് സ്ഥാപിച്ചത്.
കുറുമ്പനാടം അസംപ്ഷന്‍ പള്ളിയിലായിരുന്നു ഒടുവില്‍ അദ്ദേഹം സേവനം ചെയ്തത്. ഫാ. ജോസഫ് കുറിഞ്ഞിപ്പറമ്പിലിന്റെ സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.15ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയില്‍ നടക്കും.