വട്ടപ്പാറ-വലിയതോവാള റോഡ് ചെളിക്കുണ്ടായി
1577486
Sunday, July 20, 2025 10:16 PM IST
നെടുങ്കണ്ടം: കരാറുകാരന് പണി ഉപേക്ഷിച്ച് മടങ്ങിയതോടെ വട്ടപ്പാറ - വലിയതോവാള റോഡ് ചെളിക്കുണ്ടായി മാറി. മുട്ടോളം ചെളിതാണ്ടിവേണം വിദ്യാര്‍ഥികള്‍ക്കും പ്രദേശവാസികള്‍ക്കും യാത്രചെയ്യാന്‍. വട്ടപ്പാറ മുതല്‍ വലിയതോവാളവരെയുള്ള അഞ്ചു കിലോമീറ്റര്‍ റോഡിന് 50ലേറെ വര്‍ഷത്തെ പഴക്കമുണ്ട്.
മൂന്നു വര്‍ഷം മുമ്പ് വലിയതോവാളയില്നിന്നു രണ്ടരക്കിലോമീറ്റര്‍ ടാര്‍ ചെയ്തിരുന്നു. ബാക്കിയുള്ള രണ്ടരക്കിലോമീറ്ററാണ് പൊതുജനങ്ങള്‍ക്ക് ബാധ്യതയായി മാറിയിരിക്കുന്നത്. 2023-ല്‍ ഈ ഭാഗം ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്യാന്‍ മൂന്നു കോടി രൂപയാണ് അനുവദിച്ചത്. ഉദ്ഘാടനത്തിനു ശേഷം നിര്‍മാണം ആരംഭിച്ചെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ കരാറുകാരന് പണി ഉപേക്ഷിക്കുകയായിരുന്നു.
യഥാസമയം പണം ലഭിക്കാത്തതാണ് പണി ഉപേക്ഷിക്കാന്‍ കാരണമെന്ന് പറയുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നു കല്‍ക്കെട്ടുകൾ പാതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. വീതി വര്‍ധിപ്പിക്കുന്നതിനായി മണ്ണും കല്ലും മാറ്റിയതോടെയാണ് റോഡ് കാല്‍നടയാത്രപോലും അസാധ്യമാക്കുന്നവിധം ചെളിക്കുണ്ടായി മാറിയത്.
വാഹനങ്ങള്‍ ഇതുവഴി വരാന്‍ മടിക്കുകയാണ്. വാഹനങ്ങള്‍ ചെളിയില്‍ താഴ്ന്നാല്‍ മറ്റു വാഹനങ്ങളെത്തി വലിച്ചുകയറ്റുകയാണ് ചെയ്യുന്നത്. സ്കൂള്‍ കുട്ടികളും പ്രായമായവരും തെന്നിവീഴുന്നതും പതിവ് കാഴ്ചയാണ്. രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് ഏറെ പ്രയാസപ്പെട്ടാണ്. നെടുങ്കണ്ടം, വട്ടപ്പാറ മേഖലകളില്‍നിന്നു വളരെ എളുപ്പത്തില്‍ കട്ടപ്പനയിലെത്താൻ സാധിക്കുന്ന റോഡ് കൂടിയാണ് ഇത്.