ഗവൺമെന്റ് ആശുപത്രികളിലെ മുടങ്ങിയ കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്ന് നിർദേശം
1577781
Monday, July 21, 2025 11:22 PM IST
തൊടുപുഴ: ജില്ലയിലെ തെരഞ്ഞെടുത്ത ആശുപത്രികളിൽ കിടത്തിച്ചികിത്സ മുടങ്ങിയതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേക യോഗം ചേർന്ന് നടപടിയെടുക്കണമെന്ന് ജില്ലാകളക്ടർ വി. വിഗ്നേശ്വരി നിർദേശം നൽകി. ആശുപത്രികളിലെ സായാഹ്ന ഒപികൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിനായി ജീവനക്കാരുടെ കുറവുള്ള സ്ഥലങ്ങളിൽ അതു പരിഹരിക്കാനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കി സായാഹ്ന ഒപികൾ തുടരണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി.
ജില്ലയിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വികസന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ബന്ധപ്പെട്ട വകുപ്പുകളെയും ഉൾപ്പെടുത്തി നടത്തിയ ആരോഗ്യ അദാലത്തിലാണ് കളക്ടറുടെ നിർദേശം. ജില്ലയിൽ ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവു പരിഹരിക്കാൻ ആവശ്യമായ ക്രമീകരണം നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് യോഗം നിർദേശം നൽകി.
ആരോഗ്യമേഖലയിൽ തദ്ദേശ ഭരണസ്ഥാപനതലത്തിൽ പരിഹാരം കാണേണ്ട നിരവധി വിഷയങ്ങളുണ്ടെന്നും മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
സർക്കാരിലേക്ക് പ്രൊപ്പോസൽ നൽകുന്നതിനായി തദ്ദേശഭരണ സ്ഥാപനതലത്തിൽ ആരോഗ്യസ്ഥാപനങ്ങളിൽ തദ്ദേശഭരണസ്ഥാപനത്തിന്റെ കീഴിലുള്ള നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍, ഒഴിവുകൾ, ആവശ്യമുള്ള തസ്തികകൾ, ടേണ്‍ഓവർ, തുടങ്ങിയ വിവരങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർക്ക് നിർദേശം നൽകി.
ദേവികുളം പഞ്ചായത്തിലെ സബ് സെന്ററുകൾക്ക് ഭുമി ലഭ്യമാക്കുന്ന വിഷയം ചർച്ചചെയ്യാൻ പ്രത്യേക യോഗം ചേരും. ദേവികുളം സിഎച്ച്സി മൾട്ടി സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തുന്ന വിഷയവും ചർച്ച ചെയ്യും. ചിന്നക്കനാൽ എച്ച്സിക്കായി റവന്യു വകുപ്പിൽനിന്നു ഭൂമി അളന്നു തിട്ടപ്പെടുത്തി നൽകാൻ എൽആർ ഡെപ്യുട്ടി കളക്ടർക്ക് നിർദേശം നൽകി. ബൈസണ്‍വാലി എഫ്എച്ച്സി നിർമാണത്തിനുള്ള സ്ഥലം റവന്യു വകുപ്പിൽനിന്നു ലഭ്യമാക്കുന്നതിനും പാന്പാടുംപാറ പിഎച്ച്സിക്കായി ഭൂമി അതിർത്തി നിർണയിച്ചു നൽകാനുള്ള നടപടി സ്വീകരിക്കാനും നിർദേശിച്ചു
ഡോക്ടർമാർക്കായി നിലവിലുള്ള ക്വാർട്ടേഴ്സുകൾ അറ്റകുറ്റപ്പണികൾ നടത്തും. ഡയാലിസിസ് രോഗികൾക്ക് സഹായപദ്ധതി നടപ്പാക്കുന്നതിനുള്ള സാങ്കേതികതടസം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.