അസമത്വം വർധിക്കുന്നതിൽ ഇന്ത്യ ഒന്നാമത്: കെ.പി. രാജേന്ദ്രൻ
1577358
Sunday, July 20, 2025 7:02 AM IST
കട്ടപ്പന: അസമത്വം വർധിക്കുന്നതിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒന്നാമതെത്തി നിൽക്കുകയാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പി. രാജേന്ദ്രൻ പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയുടെ ഭരണത്തിൽ ഇന്ത്യ എല്ലാ രംഗത്തും തകർച്ച നേരിടുകയാണ്. അതി ദാരിദ്ര്യവും പട്ടിണി മരണവും വർധിക്കുന്നു. ശിശു മരണനിരക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലയിലും ഇന്ത്യക്കാരന് തലയുയർത്തി നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് മോദി ഭരണത്തിൽ ഉണ്ടായിരിക്കുന്നത്.
1969ലാണ് ബാങ്ക് ദേശസാൽക്കാരണം ഇന്ത്യയിൽ നടപ്പിലാക്കിയത്. അന്ന് ഇന്ദിരാഗാന്ധിക്ക് പിന്തുണ നൽകിയത് കമ്മ്യൂണിസ്റ്റുകാർ ആയിരുന്നു. ഇതിലൂടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാനും കഴിഞ്ഞു. എന്നാൽ, ഇന്ന് വിദേശ ബാങ്കുകളെ കൂട്ടിക്കെട്ടി സ്വകാര്യവൽക്കരണം നടത്തുകയാണ് മോദി സർക്കാർ. കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന സർക്കാരായി ബിജെപി സർക്കാർ മാറി.
റെയിൽവേ അടക്കമുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നില്ല. തൊഴിൽരഹിതരായ ചെറുപ്പക്കാരെ ബിജെപി സർക്കാർ ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്. അധികാരം കൈയിലുള്ളപ്പോൾ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് കേന്ദ്രസർക്കാരിന്. ഇതിനെതിരേ ഇടതു പാർട്ടികൾ ഐക്യപ്പെടണമെന്ന് ആദ്യം പറഞ്ഞത് സിപിഐ ആണ്. അതിന്റെ അടിസ്ഥാനത്തിലാണ് ’ഇന്ത്യ’ മുന്നണി രൂപം കൊണ്ടത്.
ബിജെപിക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗപ്പെടുത്തി ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുവാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. ഗവർണർ, ഇല്ലാത്ത അധികാരമാണ് ഉപയോഗിക്കുന്നത്. ആർഎസ്എസിന്റെ എല്ലാ അജണ്ടകളും ഒന്നൊന്നായി നടപ്പാക്കാനാണ് ഗവർണർമാരെ ഉപയോഗിച്ച് പരിശ്രമിക്കുന്നത്. ഇത്തരം നയ സമീപനങ്ങൾക്കെതിരായ പോരാട്ടത്തിന് കരുത്ത് പകരാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും വർഗ ബഹുജന സംഘടനകളും ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ ടൗണ്‍ഹാളിൽ നടക്കുന്ന സമ്മേളനത്തിന് സംസ്ഥാന കൗണ്‍സിൽ അംഗം കെ.കെ. ശിവരാമൻ പതാക ഉയർത്തി. ജില്ലാ അസി.സെക്രട്ടറി പി. പളനിവേലിന്റെ നിര്യാണത്തെ തുടർന്ന് പ്രതിനിധി സമ്മേളനം മാത്രമായി ജില്ലാ സമ്മേളന നടപടികൾ ചുരുക്കിയിരുന്നു.
ജില്ലാസെക്രട്ടറി കെ. സലിം കുമാർ പ്രവർത്തന റിപ്പോർട്ടും അസി. സെക്രട്ടറി പ്രിൻസ് മാത്യു രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടക സമിതി ജനറൽ കണ്‍വീനർ വി. ആർ. ശശി, സി.യു. ജോയി, ജോസ് ഫിലിപ്പ്,എം. കെ. പ്രിയൻ തുടങ്ങിയവർ പ്രസംഗിച്ചു.
കെ. കെ. ശിവരാമൻ (കണ്‍വീനർ ), വാഴൂർ സോമൻ എംഎൽഎ, ജയാ മധു, കെ. ജെ. ജോയ്സ്, ടി. ചന്ദ്രപാൽ എന്നിവർ അടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്തിക്കുന്നത്. ആദ്യകാല പാർട്ടി പ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളേയും വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയവരെയും സമ്മേളനം ആദരിച്ചു. റവന്യൂ മന്ത്രി കെ. രാജൻ, കൃഷി മന്ത്രി പി .പ്രസാദ്, സിപിഐ ദേശീയ കണ്ട്രോൾ കമ്മീഷൻ സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന അസി.സെക്രട്ടറി പി. പി. സുനീർ എം പി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. കെ. അഷ്റഫ്, കമല സദാനന്ദൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. പുതിയ ജില്ലാ കൗണ്‍സിലിനേയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും ഇന്ന് തെരെഞ്ഞെടുക്കും. മുന്നൂറോളം പ്രതിനിധികളാണ് 20 വർഷത്തിനു ശേഷം കട്ടപ്പനയിൽ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
പ്രവർത്തനറിപ്പോർട്ടിൽ സിപിഎമ്മിനും കേരള കോണ്‍. എമ്മിനും രൂക്ഷവിമർശനം
കട്ടപ്പന: സിപിഐ ജില്ലാ സമ്മേളനത്തിൽ ജില്ല സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സിപിഎമ്മിനും എം. എം. മണിക്കും കേരള കോണ്‍ഗ്രസ്-എമ്മിനും രൂക്ഷ വിമർശനം. മൂന്നാറിൽ സിപിഎം- സിപിഐ ബന്ധം ഒട്ടും മെച്ചമല്ല. സിപിഐ തകരേണ്ട പാർട്ടിയാണെന്നും തകർക്കുമെന്നും എം. എം. മണി പ്രസംഗിക്കുന്നു.
സിപിഎമ്മിന്റെ മനസിലിരിപ്പ് ഇപ്പോഴും അതുതന്നെയാണ്. അതിനാൽ സിപിഎം നിലപാടുകൾക്കെതിരേ സിപിഐക്ക് പരസ്യമായി രംഗത്ത് വരേണ്ടിവരുന്നു. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സിപിഐയെ സിപിഎം പ്രതിസ്ഥാനത്ത് നിർത്തുകയാണ്. സിപിഐയെ തള്ളി കേരള കോണ്‍ഗ്രസ് (എം)നെ മുന്നണിയിലെ രണ്ടാം കക്ഷിയാക്കണമെന്ന് കേരളകോണ്‍ഗ്രസ് (എം) നിർബന്ധം പിടിക്കുകയാണ്.
ജില്ലയിൽ രാഷ്ട്രീയ ബലാബലത്തിൽ കേരള കോണ്‍ഗ്രസ്- എം ഏറ്റവും താഴെയാണ്. ബിജെപി എല്ലാമേഖലയിലും സ്വാധീനം ഉറപ്പിക്കുകയാണെന്ന കാര്യം വിസ്മരിക്കരുത്. കോടതി വിധികൾ പട്ടയ നടപടികൾ അവതാളത്തിലാക്കിയത് പരിഹരിച്ചില്ലെങ്കിൽ ജനരോഷമുയരുമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
വനംവകുപ്പിനെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. പുഴയിൽ കുളിച്ചാലും കേസെടുക്കുന്നവരാണ് വനം വകുപ്പ്. ഹിംസ്ര മൃഗങ്ങളേക്കാളും വലിയ അപകടകാരികളായി ചില വനം ഉദ്യോഗസ്ഥർ മാറുകയാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.