റഹീം മാമയ്ക്ക് നാട് യാത്രാമൊഴിയേകി
1577783
Monday, July 21, 2025 11:22 PM IST
മൂന്നാർ: മൂന്നാറിലെ പാവപ്പെട്ട തൊഴിലാളികൾക്ക് അക്ഷര വെളിച്ചം പകർന്നിരുന്ന റഹീമീന് യാത്രാമൊഴിയേകി നാട്. വേഷം കൊണ്ടും ജീവിതം കൊണ്ടും ഒരു തലമുറയ്ക്ക് മുഴുവൻ അറിവു പകർന്നു നൽകാൻ ശ്രമിച്ചിരുന്ന മൂന്നാറിന്റെ പ്രിയപ്പെട്ട റഹിം മാമ എന്നു വിളിക്കപ്പെടുന്ന ബി.എം. റഹീം കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. വാർധക്യസഹജമായ രോഗങ്ങൾ മൂലം പെരുന്പാവൂരിലെ വസതിയിലായിരുന്നു അന്ത്യം. സ്കൂളിൽ പോകാനുള്ള അവസരം ലഭിച്ചില്ലെങ്കിലും സ്വന്തമായി അഭ്യസിച്ചെടുത്ത അറിവ് തേയില തോട്ടത്തിൽ പണിയെടുത്തിരുന്ന പാവപ്പെട്ട തൊഴിലാളികൾക്കും മക്കൾക്കും പകർന്നു കൊടുക്കണമെന്ന തീവ്രമായ ആഗ്രഹത്താൽ അദ്ദേഹം നടത്തിയ പരിശ്രമങ്ങളാണ് അദ്ദേഹത്തെ മൂന്നാറിന്റെ പ്രീയപ്പെട്ടവനാക്കിയത്.
സ്വന്തമായി കവിതയും കഥകളുമെല്ലാം എഴുതി തുടങ്ങിയ അദ്ദേഹം കൂട്ടുകാരെയും തന്റെ അക്ഷരലോകത്തേക്ക് വിളിച്ചുകൊണ്ടുവന്നു. അവരുടെ രചനകളും കൂടി ഉൾപ്പെടുത്തി ഒരു കൈയെഴുത്ത് മാസിക ആരംഭിച്ചു. പന്ത്രണ്ട് വർഷങ്ങൾ ഈ മാസിക മൂന്നാറിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറശോഭ പകർന്നു. പിന്നീട് മൂന്നാർ ടൗണിൽ ഒരു പുസ്തകശാലയും ആരംഭിച്ചു. സ്കൂൾ കുട്ടികൾ മുതൽ വയോധികർ വരെ പുസ്തകങ്ങൾ അന്വേഷിച്ച് റഹീമിനെ തേടിയെത്തിയിരുന്നു. വാർധക്യമെത്തിയതോടെ നാട്ടിലേക്ക് മടങ്ങി വിശ്രമജീവിതം നയിച്ചുവരുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.