കട്ടപ്പനയ്ക്കു പട്ടയം, വ്യാപാരികൾ നിവേദനം നൽകി
1577510
Sunday, July 20, 2025 10:58 PM IST
കട്ടപ്പന: ഷോപ് സൈറ്റുകൾക്ക് പട്ടയം അനുവദിക്കണമെന്നും ജില്ലയിലെ ഭൂപ്രശനങ്ങൾക്കും നിർമാണ നിരോധനത്തിനും നിർമാണ മേഖലയിലെ പ്രതിസന്ധിക്കും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കട്ടപ്പന മർച്ചന്റ് അസോസിയേഷൻ റവന്യു മന്ത്രി കെ. രാജന് നിവേദനം നൽകി.
കേരള ഭൂമിപതിവ് ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ പ്രാബല്യത്തിൽ വരാത്തതിനാൽ ഇല്ലയിലെ വിവിധ വികസന പ്രവൃത്തികളും വ്യാപാരമേഖലയും ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇടുക്കി പദ്ധതിയുടെ പത്ത് ചെയിൻ പ്രദേശങ്ങൾ, ഷോപ്പ് സൈറ്റുകൾ എന്നിവയ്ക്ക് പട്ടയം അനുവദിക്കാത്തതിനാൽ നിലനിൽക്കുന്ന പ്രതിസന്ധികളും വ്യാപാരി നേതാക്കൾ റവന്യു മന്ത്രിയെ അറിയിച്ചു.
കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജിന്റെ നേതൃത്വത്തിലുള്ള നിവേദകസംഘത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ജോഷി കുട്ടട, വൈസ് പ്രസിഡന്റ് ബൈജു വേന്പേനി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. തോമസ്, മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു.