ഇടുക്കി വോളി അക്കാദമിക്ക് 1.50 കോടി: മന്ത്രി റോഷി
1577777
Monday, July 21, 2025 11:22 PM IST
ചെറുതോണി: ഇടുക്കിയിൽ പ്രവർത്തിച്ചുവരുന്ന വോളിബോൾ അക്കാദമി ഹോസ്റ്റലിന്റെ നവീകരണത്തിനും ഇതര പ്രവൃത്തികൾക്കുമായി 1,50,24,000 രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കായിക-യുവജനകാര്യ വകുപ്പ് മുഖേനയാണ് അക്കാദമിയിലെ താരങ്ങൾക്ക് ഗുണകരമാകുന്ന പ്രവൃത്തികൾക്കായി തുക അനുവദിച്ചത്.
നിലവിലുള്ള ഹോസ്റ്റലിലെ വിദ്യാഥികൾ പരിശീലനം നടത്തുന്ന ഇൻഡോർ കോർട്ടിന്റെ തടി പാകിയിരുന്ന അടിത്തറ പ്രളയത്തെ തുടർന്ന് വെള്ളം കയറി ജീർണിക്കുകയും പരിശീലനം നടത്താൻ കഴിയാത്ത സ്ഥിതിയിലുമായിരുന്നു.
തറയുടെ നവീകരണത്തിനും രാത്രിയിൽ ഉൾപ്പെടെ പരിശീലനം നടത്തുന്നതിനും ലൈറ്റിംഗ് സംവിധാനം ഏർപ്പെടുത്തും. ഇതോടൊപ്പം ഹോസ്റ്റലിന്റെയും പാചകപ്പുരയുടെയും നവീകരണം നടത്തും. സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ മുഖേന തെരഞ്ഞെടുക്കപ്പെട്ട വിവിധ ജില്ലകളിൽനിന്നുമുള്ള എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടു വരെയുള്ള 24 വിദ്യാർഥികളാണ് ഹോസ്റ്റലിൽ താമസിച്ച് പരിശീലനം നടത്തിവരുന്നത്.
സമീപമുള്ള മരിയാപുരം, വാഴത്തോപ്പ് സ്കൂളുകളിലാണ് ഈ വിദ്യാർഥികൾ പഠനം നടത്തുന്നത്.
പ്രത്യേക പരിശീലകൻ, ഹോസ്റ്റൽ വാർഡൻ, സ്വീപ്പർ, കുക്ക് ഉൾപ്പെടെ നാലു ജീവനക്കാരാണ് ഹോസ്റ്റലിലുള്ളത്. സ്പോർട്സ് കൗണ്‍സിൽ മുഖേനയാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. കഴിഞ്ഞ മാസം മന്ത്രി വി. അബ്ദുറഹ്മാൻ ജില്ലയിൽ എത്തിയപ്പോൾ വോളിബോൾ അക്കാദമി സന്ദർശിക്കുകയും ഇവിടത്തെ പോരായ്മകൾ മനസിലാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് തുക അനുവദിച്ചതെന്നു മന്ത്രി പറഞ്ഞു.