ജില്ലയിൽ പട്ടയവിതരണം ത്വരിതപ്പെടുത്തും: മന്ത്രി രാജൻ
1577356
Sunday, July 20, 2025 7:02 AM IST
ഇടുക്കി: ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പട്ടയവിതരണത്തിൽ ജില്ല വലിയ മുന്നേറ്റത്തിനു സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി കെ. രാജൻ. പൈനാവിൽ റവന്യു സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കട്ടപ്പന ടൗണ്‍ഷിപ്പ് പദ്ധതിയുടെ നിയമപരമായ തടസങ്ങളെല്ലാം നീങ്ങിയതോടെ ഒരു മാസത്തിനുള്ളിൽ പട്ടയം വിതരണം നടത്തും. ഇടുക്കി പദ്ധതി പ്രദേശത്തെ ഭൂപ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു.
കുറ്റിയാർ വാലിയിലെ 1200 പേർക്ക് സെപ്റ്റംബറിൽ പട്ടയം നൽകും. ഭൂപതിവ് നിയമഭേദഗതിയുടെ ചട്ടങ്ങൾ നിലവിൽവരുന്നതും ജില്ലയ്ക്കു വലിയ ആശ്വാസം പകരും. ജില്ലയിലെ 68 വില്ലേജ് ഓഫീസുകളിൽ 33 എണ്ണം സ്മാർട്ട് വില്ലേജ് ഓഫീസുകളായെന്നും മന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
എം.എം. മണി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, എഡിഎം ഷൈജു പി. ജേക്കബ്, സബ് കളക്ടർ അനൂപ് ഗാർഗ്, ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥൻ, വാർഡ് മെംബർ രാജു കല്ലറക്കൽ എന്നിവർ പ്രസംഗിച്ചു.